ഭര്‍തൃമാതാവിനെ പുരുഷവേഷത്തില്‍ കൊലപ്പെടുത്തി; യുവതി അറസ്റ്റില്‍

പുരുഷവേഷത്തിലെത്തി ഭര്‍തൃമാതാവിനെ കൊലപ്പെടുത്തിയ 28കാരി അറസ്റ്റില്‍. പുരുഷവേഷത്തില്‍ തലയില്‍ ഹെല്‍മറ്റ് ധരിച്ച് ഭര്‍തൃമാതാവ് സീതാലക്ഷ്മിയെ കൊലപ്പെടുത്തിയ മരുമകള്‍ മഹാലക്ഷ്മിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്.

തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ തിങ്കളാഴ്ചയാണ് സംഭവം. തുളുകാക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷണ്മുഖമേലിന്റെ ഭാര്യയാണ് സീതാലക്ഷ്മി. തിങ്കളാഴ്ച വൈകിട്ട് ഷണ്മുഖവേല്‍ വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യ രക്തത്തില്‍ കുളിച്ച് കിടക്കുന്നതാതായി കണ്ടെത്തി. ഷണ്മുഖമേല്‍ സഹായത്തിനായി ഒച്ചവെച്ചപ്പോള്‍ മഹാലക്ഷ്മിയും ഓടിയെത്തിയിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ സീതാലക്ഷ്മി മരണപ്പെടുകയായിരുന്നു.

സീതാലക്ഷ്മിയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല കവരാനെത്തിയ അജ്ഞാതരാണ് ഇവരെ ആക്രമിച്ചതെന്ന് മഹാലക്ഷ്മി ആദ്യ ഘട്ടത്തില്‍ പൊലീസിനു മൊഴിനല്‍കി. എന്നാല്‍, സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മഹാലക്ഷ്മി കുടുങ്ങുകയായിരുന്നു. ട്രാക്ക് സ്യൂട്ടും ഹെല്‍മറ്റും ധരിച്ച്, തലയില്‍ ഹെല്‍മറ്റ് ധരിച്ചാണ് മഹാലക്ഷ്മി ഭര്‍തൃമാതാവിനെ ആക്രമിച്ചത്. ഭര്‍ത്താവിന്റെ വസ്ത്രം ധരിച്ചാണ് മഹാലക്ഷ്മി ആക്രമണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. മഹാലക്ഷ്മിയും സീതാലക്ഷ്മിയും തമ്മില്‍ ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്ന അയല്‍വാസികളുടെ മൊഴി അന്വേഷണത്തില്‍ നിര്‍ണായകമായി.

Top