കേന്ദ്രത്തിന് തമിഴിനോട് ബഹുമാനമില്ല; തമിഴ് ഭാഷയെ പ്രചരണ വിഷയമാക്കി രാഹുല്‍ഗാന്ധി

ചെന്നൈ:തമിഴ്നാട്ടില്‍ ഭാഷ വിഷയമാക്കി തെരഞ്ഞെടുപ്പ് പ്രചരണം നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിന് തമിഴ് ഭാഷയോട് ബഹുമാനമില്ലെന്നും, മോദി എന്തു പറയുന്നുവോ അതെല്ലാം തലയാട്ടി സമ്മതിക്കുന്ന മുഖ്യമന്ത്രിയാണ് തമിഴ്നാടിനുള്ളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തമിഴ് ഭാഷയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് അനേകം സംഘടനകളും പ്രതിഷേധവുമായി തമിഴ്നാട്ടില്‍ നേരത്തെ തന്നെയുണ്ടായിരുന്നു. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നു എന്നാണ് ഇവരുടെ ആരോപണം.

ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നു എന്ന ആരോപണത്തെ ചെറുക്കാനാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ് ഭാഷ പഠിക്കാത്തതില്‍ വലിയ ദുഃഖമുണ്ടെന്ന് മന്‍ കീ ബാത്തില്‍ പറഞ്ഞത് എന്ന വാദങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു.

നേരത്തെ തന്നെ തമിഴ് ഭാഷയുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളില്‍ രാഹുല്‍ സജീവമായി ഇടപെടുന്നുണ്ടായിരുന്നു. രാഹുല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയും തമിഴ് ഭാഷയ്ക്ക് മേല്‍ നടക്കുന്ന ആക്രമങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ആര്‍.എസ്.എസിനെ തമിഴ് സംസ്‌കാരത്തെ അപമാനിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

”മോദി പറയുന്നു ഒരു രാജ്യം, ഒരു സംസ്‌കാരം, ഒരു ചരിത്രമെന്ന്. തമിഴെന്താ ഇന്ത്യന്‍ ഭാഷയല്ലേ. തമിഴ് ചരിത്രം ഇന്ത്യയുടെ ഭാഗമല്ലേ?. ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ തമിഴ് സംസ്‌കാരത്തെ ബഹുമാനിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്,” രാഹുല്‍ പറഞ്ഞു.

Top