tamilnadu-first-cabinet-meeting-new-cm-panneerselvam

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ നിര്യാണത്തില്‍ ദുഖിതരായി 280 പേര്‍ മരിച്ചുവെന്ന് അണ്ണാഡിഎംകെ വൃത്തങ്ങള്‍.

ജയലളിത മരിച്ചുവെന്ന വാര്‍ത്തയുണ്ടാക്കിയ ഞെട്ടലാണ് ഇവരുടെ മരണത്തിനു കാരണമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മരിച്ചവരില്‍ 203 പേരുടെ പേരു വിവരങ്ങള്‍ പാര്‍ട്ടി പുറത്തു വിട്ടു.

മരിച്ചവരുടെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ വീതവും, ജീവനൊടുക്കാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ചികിത്സാ സഹായമായി 50,000 രൂപ വീതം നല്‍കുമെന്നും മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചു.

പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷമുള്ള ആദ്യ മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

ജയലളിതയുടെ നിര്യാണത്തില്‍ ദുഖിതരായി ചെന്നൈ, വെല്ലൂര്‍, തിരുവള്ളൂര്‍, തിരുവണ്ണാമലൈ, കൃഷ്ണഗിരി, തിരുപ്പൂര്‍, ഈറോഡ് എന്നിവിടങ്ങളിലായി 280 പേര്‍ മരിച്ചുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

ഇതില്‍ കുറച്ചുപേര്‍ ആത്മഹത്യ ചെയ്തവരാണെന്നും സൂചനയുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

നേരത്തെ 77 പേര്‍ മരിച്ചെന്ന കണക്കുകള്‍ പുറത്തു വന്നപ്പോള്‍, മരണമടഞ്ഞവരുടെ കുടുംബത്തിനു സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

Top