തമിഴകത്ത് . . . ഭരണപക്ഷത്തിന്റെ പ്രതീക്ഷയും പിണറായി ‘മോഡലില്‍’

മിഴ്നാട് സര്‍ക്കാറിന്റെ ജനപ്രിയ പദ്ധതികള്‍ക്കുള്ള പ്രേരണ തന്നെ കേരള മോഡലാണ്. സ്വര്‍ണ്ണക്കടത്തുള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും കേന്ദ്ര ഏജന്‍സികളും പ്രതിപക്ഷവും വരിഞ്ഞു മുറുക്കാന്‍ ശ്രമിച്ചിട്ടും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മിന്നുന്ന വിജയം നേടിയതാണ് തമിഴകത്തെ എടപ്പാടി സര്‍ക്കാറിനെ അത്ഭുതപ്പെടുത്തിയിരുന്നത്. ഇതിനു ശേഷം ഇതു സംബന്ധമായി വിശദമായ പഠനം നടത്തിയ വിദഗ്ദ സംഘം നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് തിരിഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടു മുന്‍പ് ഇപ്പോള്‍ നിരവധി പദ്ധതികള്‍ എടപ്പാടി ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്.

കോവിഡ് മുന്‍നിര്‍ത്തി മുന്‍പ് സൗജന്യ കിറ്റ് പദ്ധതി തമിഴ് നാട് സര്‍ക്കാര്‍ നടപ്പാക്കിയതും കേരളത്തെ മാതൃകയാക്കിയായിരുന്നു. സൗജന്യ കിറ്റും മറ്റുക്ഷേമ പ്രവര്‍ത്തനങ്ങളും പിണറായി സര്‍ക്കാറിന്റെ ഭരണ തുടര്‍ച്ചക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് ക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ അണ്ണാ ഡി.എം.കെ സര്‍ക്കാറിനെ പ്രേരിപ്പിച്ചിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ വമ്പന്‍ വിജയത്തിനു പിന്നില്‍ സൗജന്യ കിറ്റ് ഒരു പ്രധാന ഘടകമായിരുന്നതായാണ് തമിഴ് മാധ്യമങ്ങളും വിലയിരുത്തുന്നത്.

ഫെബ്രുവരി 26നു മാത്രം മുഖ്യമന്ത്രി എടപ്പാടി നടത്തിയ പ്രഖ്യാപനങ്ങള്‍ വിലയിരുത്തിയാല്‍ ഏത് രാഷ്ട്രീയ നിരീക്ഷകനും ഒന്നു അമ്പരന്നു പോകും. മുഖ്യ പ്രതിപക്ഷമായ ഡി.എം.കെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം പോലും അടിച്ചു മാറ്റി അവയെല്ലാം നടപ്പാക്കുകയാണ് അണ്ണാ ഡി.എം.കെ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. വനിതാ സ്വയം സഹായ സംഘങ്ങള്‍, സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത 5 പവന്‍ വരെയുള്ള സ്വര്‍ണ വായ്പ എഴുതിത്തള്ളുമെന്നത്, ഡിഎംകെയുടെ പ്രധാന തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു. എന്നാല്‍ 6 പവന്‍ വരെയുള്ള സ്വയം സഹായ സംഘങ്ങളുടെ വായ്പകളും മറ്റു സഹകരണ ബാങ്ക് സ്വര്‍ണ വായ്പകളും എഴുതിത്തള്ളുമെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 26ന് രാവിലെ തന്നെ മുഖ്യമന്ത്രി എടപ്പാടി നേരിട്ട് പ്രഖ്യാപിക്കുകയാണുണ്ടായത്.

stalins

കാര്‍ഷിക ആവശ്യത്തിനായി 24 മണിക്കൂറും സൗജന്യ വൈദ്യുതി പദ്ധതി ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്ന പ്രഖ്യാപനവും പിന്നാലെയുണ്ടായി. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒഴിവുകളില്‍ വണ്ണിയര്‍ സമുദായത്തിന് 10.5% പ്രത്യേക സംവരണവും എടപ്പാടി ഭരണകൂടം ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് മാധ്യമങ്ങളെ കണ്ട് സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും ജനക്ഷേമ പദ്ധതികളെക്കുറിച്ചും സുദീര്‍ഘമായ ഒരു പ്രസംഗം നടത്താനും മുഖ്യമന്ത്രി തയ്യാറായി. മിക്ക ചാനലുകളും ലൈവായാണ് ഈ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. നിഷ്പക്ഷ വോട്ടര്‍മാരെക്കൂടി സ്വാധീനിക്കാന്‍ കരുത്തുള്ള പ്രഖ്യാപനങ്ങളാണിതെല്ലാമെന്നത് വ്യക്തം.ജനപ്രിയ പ്രഖ്യാപനങ്ങളോടെ തന്നെയാണ് അണ്ണാഡിഎംകെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്. സംസ്ഥാന ക്വോട്ടയിലെ എംബിബിഎസ് സീറ്റുകളില്‍ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഏഴര ശതമാനം സംവരണം ഏര്‍പ്പെടുത്തിയതും എടുത്തു പറയേണ്ട കാര്യമാണ്. 12,400 കോടി രൂപയുടെ കാര്‍ഷിക കടം സര്‍ക്കാര്‍ ഈയിടെ എഴുതിത്തള്ളിയതും ഏറെ ശ്രദ്ധേയമായ നടപടിയാണ്.കാവേരി മേഖലയിലെ ലക്ഷക്കണക്കിനു കര്‍ഷകര്‍ക്കു ഗുണം ചെയ്യുന്ന കാവേരിഗുണ്ടാര്‍ നദീ സംയോജന പദ്ധതിക്ക് തറക്കല്ലിട്ടതും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുന്‍പാണ്. ഇതോടെ, കര്‍ഷകരുടെ വലിയ രൂപത്തിലുള്ള പിന്തുണയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തിയതും ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയതും വോട്ടുകള്‍ സമാഹരിക്കുന്നതിനു വേണ്ടിയാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവര്‍ക്കും ലോക്ഡൗണ്‍ ലംഘനം നടത്തിയവര്‍ക്കും എതിരെ എടുത്ത 10 ലക്ഷത്തിലധികം പൊലീസ് കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചതിന്നു പിന്നിലെ താല്‍പ്പര്യവും മറ്റൊന്നല്ല. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിലെ വിജയവും സര്‍ക്കാരിന്റെ നേട്ടമായാണ് അണ്ണാ ഡി.എം.കെ നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. കര്‍ഷക കടങ്ങളും വായ്പകളും എഴുതിത്തള്ളല്‍, സൗജന്യ വൈദ്യുതി വിതരണം, തുടങ്ങിയവയെല്ലാം പ്രചാരണ യോഗങ്ങളില്‍ ഡിഎംകെ നല്‍കിയ പ്രധാന വാഗ്ദാനങ്ങളാണ്. അധികാരത്തില്‍ എത്തിയാല്‍ സഹകരണ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുമെന്നാണ് ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, പ്രതിപക്ഷം വാഗ്ദാനം ചെയ്തത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നടപ്പാക്കിയാണ്,എടപ്പാടി തിരിച്ചടിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ മുക്കിലും മൂലയിലും പരാതിപ്പെട്ടികള്‍ സ്ഥാപിക്കുമെന്നതും സ്റ്റാലിന്‍ പ്രഖ്യാപിച്ച പദ്ധതിയാണ്. അതും പിറ്റേന്നു തന്നെ പൊളിച്ചടുക്കി. പുതിയ ഏകീകൃത ടെലിഫോണ്‍ പരാതി പരിഹാര സംവിധാനം കൊണ്ടുവന്നാണ് പ്രതിപക്ഷ പദ്ധതിയെ എടപ്പാടി സര്‍ക്കാര്‍ മറികടന്നിരുന്നത്. തിരഞ്ഞെടുപ്പു സഖ്യത്തില്‍ അന്തിമ ധാരണയായില്ലെങ്കിലും ജനപിന്തുണ ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും എടപ്പാടി സര്‍ക്കാര്‍ നിലവില്‍ നടത്തുന്നുണ്ട്. വിദ്യാഭ്യാസ വായ്പകള്‍ എഴുതിത്തള്ളും എന്ന സ്റ്റാലിന്റെ വാഗ്ദാനം മാത്രമാണ് നിലവില്‍ എടപ്പാടി സര്‍ക്കാര്‍ നടപ്പാക്കാതിരുന്നത്. സ്റ്റാലിന്റെ കൈവശമുള്ള ഏക ആയുധവും അതു മാത്രമാണ്.

kamal hassan

കേരളത്തില്‍ ഇടതുപക്ഷത്തിനു ഭരണ തുടര്‍ച്ചക്ക് സാധ്യത ഉണ്ടെങ്കില്‍ തമിഴകത്ത് തങ്ങള്‍ക്കും സാധ്യത ഉണ്ടെന്നാണ് അണ്ണാ ഡി.എം.കെ നേതൃത്വം ഉറച്ചു വിശ്വസിക്കുന്നത്. ശശികല വിഭാഗം വെല്ലുവിളിയാണെങ്കിലും വലിയ ഭീഷണിയാകില്ലന്നതാണ് അവരുടെ ആത്മവിശ്വാസം. കമല്‍ ഹാസന്റെ മക്കള്‍ നീതിമയ്യം പ്രതിപക്ഷ വോട്ടുകളാണ് ചോര്‍ത്തുകയെന്ന കണക്കു കൂട്ടലും അണ്ണാ ഡി.എം.കെക്കുണ്ട്. ഒ പനീര്‍ശെല്‍വ വിഭാഗം ഉടക്കിലാണെങ്കിലും എടപ്പാടി വിഭാഗവുമായി ഒരുമിച്ചു തന്നെയാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബി.ജെ.പിയുടെ എതിര്‍പ്പുകള്‍ വകവയ്ക്കാതെയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ എടപ്പാടി സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്. ഇതാകട്ടെ, ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടുമാണ്.

അതേസമയം, ബി.ജെ.പി സഖ്യത്തില്‍ ഉള്ളപ്പോള്‍ എങ്ങനെ ന്യുനപക്ഷങ്ങള്‍ അണ്ണാ ഡി.എം.കെയെ മുഖവിലക്കെടുക്കുമെന്ന ചോദ്യവും ഇപ്പോള്‍ ശക്തമായി ഉയര്‍ന്നിട്ടുണ്ട്. ഇതിനുള്ള മറുപടി കൂടിയാണ് തിരഞ്ഞെടുപ്പില്‍ തമിഴ് ജനത നല്‍കുവാന്‍ പോകുന്നത്. ദ്രാവിഡ മണ്ണില്‍ ആരു വാണാലും അത് കേരളത്തെ സംബന്ധിച്ചും ഏറെ പ്രധാനപ്പെട്ടതാണ്.

 

Top