അമിത്ഷാ ഇന്ന് തമിഴ്‌നാട്ടില്‍ ; ബിജെപി -അണ്ണാ ഡിഎംകെ സഖ്യ പ്രഖ്യാപനം ഇന്നുണ്ടായേക്കും

ചെന്നൈ : തമിഴ്‌നാട്ടില്‍ ബിജെപി -അണ്ണാ ഡിഎംകെ സഖ്യ പ്രഖ്യാപനം ഇന്നുണ്ടായേക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും തമിഴ്‌നാടിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ഇന്ന് ചെന്നൈയിലെത്തും.

സഖ്യരൂപീകരണ കാര്യത്തില്‍ നേരത്തെ ധാരണയായിരുന്നു. എത്ര സീറ്റുകളില്‍, എവിടെയൊക്കെ സഖ്യകക്ഷികള്‍ മത്സരിക്കണമെന്ന കാര്യത്തിലടക്കം ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും.

പിഎംകെ, ഡിഎംഡികെ, പിഎന്‍കെ തുടങ്ങിയ മറ്റ് കക്ഷികളായും ഇന്ന് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതിനായി ഈ മാസം ഇരുപത്തിരണ്ടിന് നിശ്ചയിച്ചിരുന്ന അമിത്ഷായുടെ സന്ദര്‍ശനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

സഖ്യപ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് അണ്ണാ ഡിഎംകെ കോര്‍കമ്മിറ്റി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

പിഎംകെ, ഡിഎംഡികെ പാര്‍ട്ടികളുടെ സീറ്റുകള്‍ സംബന്ധിച്ചും അന്തിമ ധാരണയിലെത്തിയതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കോയമ്പത്തൂര്‍, കന്യാകുമാരി, തെങ്കാശി, ശിവഗംഗ, പേരാമ്പല്ലൂര്‍, സൗത്ത് ചെന്നൈ ഉള്‍പ്പടെ എട്ട് സീറ്റുകളില്‍ ബിജെപി മത്സരിക്കും. ധര്‍മ്മപുരി ഉള്‍പ്പടെ നാല് സീറ്റുകള്‍ പിഎംകെയ്ക്കും സെന്‍ഡ്രല്‍ ചെന്നൈ,കടലൂര്‍ ഉള്‍പ്പടെ മൂന്ന് മണ്ഡലങ്ങള്‍ ഡിഎംഡികെയ്ക്കും നല്‍കാനാണ് ധാരണ.

Top