കര്‍ണാടക അതിര്‍ത്തി തര്‍ക്കം; മുഖ്യമന്ത്രിമാരുടെ സൗഹൃദ ട്വീറ്റ് വൈറലാകുന്നു

കൊറോണ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് കര്‍ണാടകയുമായുള്ള അതിര്‍ത്തി തര്‍ക്കം സുപ്രീം കോടതിയില്‍ എത്തിനില്‍ക്കെ കേരള-തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ ട്വീറ്റ് സമൂഹ മാധ്യമങ്ങള്‍ വൈറലാകുന്നു.

തമിഴനാട്ടില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങള്‍ കേരളം മണ്ണിട്ട് തടയുന്നു എന്ന വ്യാജ വാര്‍ത്തയോടുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം തമിഴ്‌നാട് മുഖ്യമന്ത്രി പഴനി സ്വാമി ട്വിറ്ററില്‍ ഷെയര്‍ ചെയ്തതോടെയാണ് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം ചര്‍ച്ചയായത്.

‘തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു, അതുകൊണ്ട് കേരളം മണ്ണിട്ട് അതിര്‍ത്തി അടച്ചിരിക്കുന്നു എന്നൊരു വ്യാജ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. നമ്മള്‍ അങ്ങനെയൊരു ചിന്തയേ നടത്തിയിട്ടില്ല. നമ്മളോട് തൊട്ടുകിടക്കുന്ന അവരെ സഹോദരങ്ങളായാണ് കാണുന്നത്.’ എന്നായിരുന്ന മുഖ്യമന്ത്രിയുടെ പിണറായി വിജയന്റെ പ്രതികരണം.

മുഖ്യമന്ത്രി ശനിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ ഈ ഭാഗം ഷെയര്‍ ചെയ്തുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി പഴനി സ്വാമി ഇങ്ങനെ കുറിച്ചു. ‘കേരളം തമിഴ് ജനതയെ സഹോദരങ്ങളായി പരിഗണിക്കുന്നതില്‍ വളരെയേറെ സന്തോഷമുണ്ട്. സുഖത്തിലും ദുഖത്തിലും കേരളത്തിലെ സഹോദരീസഹോദരന്‍മാരോടൊപ്പം എന്നും തമിഴകം ഉണ്ടാകുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. ഈ സൗഹൃദവും സാഹോദര്യവും എപ്പോഴും നിലനില്‍ക്കട്ടെ.

എടപ്പാടി പഴനി സ്വാമിയുടെ ട്വീറ്റിനെ സ്വാഗതം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി.

‘കേരളവും തമിഴ്നാട്ടും തമ്മിലുള്ള പരസ്പര ബന്ധം സംസ്‌കാരം, സാഹോദര്യം, ഭാഷ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ആഴത്തിലുള്ള ബന്ധം മനസ്സിലാക്കാന്‍ കഴിയാത്തവരാണ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഈ വെല്ലുവിളികളെ നമുക്ക് സംയോജിപ്പിച്ച് മറികടക്കാന്‍ കഴിയും’ മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു. തമിഴിലായിരുന്നു പിണറായിയുടെ ട്വീറ്റ്.

കര്‍ണാടക അതിര്‍ത്തികളിലെ റോഡുകള്‍ മണ്ണിട്ടടച്ചതോടെ കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഉള്ളവര്‍ക്ക് മംഗലാപുരത്ത് ആശുപത്രിയില്‍ പോകാനാകാതെ മരണം പോലും സംഭവിച്ചിരുന്നു. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും കര്‍ണാടക ചെവികൊണ്ടില്ല. ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയില്‍ എത്തിനില്‍ക്കവേയാണ് ഈ സൗഹൃദ ട്വീറ്റ്.

Top