മൂന്ന് മണിയോടെ ആരംഭിച്ച ആദായനികുതി വകുപ്പിന്റെ പരിശോധന തുടരുന്നു

ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയിയുടെ വസതിയില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന തുടരുന്നു. ചോദ്യം ചെയ്യുന്നതിനായി ആദായവകുപ്പ് കസ്റ്റഡിയിലെടുത്ത താരത്തെ ചെന്നൈയിലെ വസതിയിലെത്തിച്ചു. ആദായ നികുതി വകുപ്പിന്റെ വാഹനത്തിലാണ് വിജയിയെ കൊണ്ട് വന്നത്.

പനയൂരിലെ വസതിയില്‍ വച്ച് ഇപ്പോഴും ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. രേഖകള്‍ പരിശോധിക്കാനുണ്ടെന്നാണ് ആദായ നികുതി വകുപ്പ് നല്‍കുന്ന വിശദീകരണം. വിജയിയുടെ ചെന്നൈ സാലിഗ്രാമിലുള്ള വീട്ടില്‍ റെയ്ഡ് ആരംഭിച്ച് നാല് മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. ഇവിടുത്തെ നടപടിക്രമങ്ങള്‍ ഏകദേശം അവസാനിച്ചതായാണ് വിവരം.

വിജയ് അഭിനയിച്ച ബിഗില്‍ എന്ന സിനിമയുടെ നിര്‍മ്മാണ കമ്പനിയായ എജിഎസ് ഫിലിംസിന്റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. എജിഎസിന്റെ ഓഫീസുകളില്‍ നടന്ന റെയ്ഡില്‍ 25 കോടിയോളം രൂപയും രേഖകളും പിടിച്ചെടുത്തായാണ് സൂചന.

വിജയ് അഭിനയിക്കുന്ന പുതിയ ചിത്രമായ മാസ്റ്ററിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു.

വിജയുടേതായി ഏറ്റവും ഒടുവില്‍ പുറത്തു വന്ന ചിത്രം ബിഗിലിന്റെ നിര്‍മ്മാതാക്കളായ എവിഎസ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ഇരുപതോളം കേന്ദ്രങ്ങളില്‍ ഇന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിജയിയെ സെറ്റിലെത്തി ചോദ്യം ചെയ്തത്.

Top