പ്രശാന്ത് കാണി കാണിച്ചു കൊടുത്തു കേരള പൊലീസിന്റെ പവര്‍, ഞെട്ടിയത് തമിഴകം

ചെന്നൈ: കേരള പൊലീസിന് ബിഗ് സല്യൂട്ട് നല്‍കി തമിഴ് സിനിമാ ലോകം.

തമിഴ്, മലയാളം, കന്നട, തെലുങ്ക് സിനിമകള്‍ റിലീസ് ചെയ്ത ഉടനെ ഇന്റര്‍നെറ്റിലിട്ട് കോടികള്‍ സമ്പാദിച്ച തമിഴ് റോക്കേഴ്സിന്റെ പ്രധാന അഡ്മിനെ കേരള പൊലീസ് എസ്.പി പ്രശാന്ത് കാണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

തമിഴകം പൊലീസ് വര്‍ഷങ്ങളായി അരിച്ചുപെറുക്കി അന്വേഷിച്ചിട്ട് പിടിക്കാന്‍ പറ്റാത്തവരാണ് ഇപ്പോള്‍ കേരള ആന്റി പൈറസി സെല്ലിന്റെ വലയില്‍ കുടുങ്ങിയത്.

മലയാള സിനിമാ ലോകത്തിനും കോടികളുടെ നഷ്ടം സംഭവിപ്പിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് തമിഴ്‌റോക്കേഴ്‌സിന്റെ പ്രധാനിയായ
തമിഴ്‌നാട് വില്ലുപുരം സ്വദേശി കാര്‍ത്തിയെ ആന്റിപൈറസി സെല്‍ അറസ്റ്റ് ചെയ്തത്.കാര്‍ത്തിയെ കൂടാതെ 4 പേരെയും ആന്റ് പൈറസി സെല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിട്ടുണ്ട്.

തമിഴ് റോക്കേഴ്‌സ് ഉടമ പ്രഭു,ഡിവിഡി റോക്കേഴ്‌സ് ഉടമകളായ തിരുനല്‍വേലി സ്വദേശികളായ ജോണ്‍സണ്‍,മരിയ ജോണ്‍,സുരേഷ് എന്നിവരാണ് പിടിയിലായത്.

29003488_793500580851227_1659666832_n

പുതിയ മലയാള സിനിമകള്‍ ഉള്‍പ്പെടെ ഹിറ്റ് സിനിമകള്‍ വ്യാജമായി പകര്‍ത്തി ഇന്റര്‍ നെറ്റില്‍ ഇടുകയും ,ശേഷം സൈറ്റില്‍ ജനങ്ങള്‍ സന്ദര്‍ശിക്കുന്നതിനനുസരിച്ച് പരസ്യ ഏജന്‍സി വഴി ലക്ഷക്കണക്കിന് രൂപ സ്വന്തമാക്കുകയുമാണ് തമിഴ്‌റോക്കോഴ്‌സിന്റെ രീതി.സിനിമ അപ് ലോഡ് ചെയ്തതിലൂടെ സമ്പാദിച്ച കോടികള്‍ ഇവരുെട അക്കൗണ്ടില്‍ നിന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

അറസ്റ്റിലായവരെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കേസില്‍ കൂടുതല്‍ പരിശോധന നടത്തണമെന്നും ആന്റി പൈറസി സംഘം വ്യക്തമാക്കി.കാര്‍ത്തി ഉള്‍പ്പെടെയുള്ളവരുടെ സാമ്പത്തിക സ്രോതസ്സും സംഘം പരിശോധിക്കും.

കേരള പൊലീസിന്റെ ഈ ഓപ്പറേഷനില്‍ അമ്പരന്നിരിക്കുകയാണ് തമിഴകം പൊലീസ്. ‘കേരള പൊലീസിന്റെ കഴിവിനെ സമ്മതിച്ചുതന്നിരിക്കുന്നുവെന്നാണ്’ തമിഴകത്തെ ഒരു ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.

Top