കേരളത്തെ കണ്ട് പഠിക്കൂ; മറ്റ് സംസ്ഥാനങ്ങളോട് തമിഴ് നിര്‍മാതാവ് എസ്.ആര്‍ പ്രഭു

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം ലോകത്തിന് തന്നെ മാതൃകയാണ്. രാജ്യാന്തര മാധ്യമങ്ങളില്‍ വരെ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇടംപിടിച്ച് കഴിഞ്ഞിട്ടുള്ളതാണ്. ഇന്ത്യയില്‍ ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലായിരുന്നിട്ട് പോലും അവിടെ നിന്നും മികച്ച പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കോവിഡിനെ പിടിച്ചുകെട്ടിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ഈ കൊച്ചുകേരളം. ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായ അമേരിക്ക വരെ
പരാജയപ്പെട്ടിടത്താണ് കോവിഡിനെ കേരളം പിടിച്ചുകെട്ടിയിരിക്കുന്നത്.

ഇപ്പോഴിതാ പ്രതിരോധ പ്രവര്‍ത്തനത്തില്‍ അയല്‍സംസ്ഥാനമായ തമിഴ്‌നാട് കേരളത്തിനെ മാതൃകയാക്കണമെന്ന് ആവശ്യപ്പെടുകയാണ് തമിഴകത്തെ പ്രശസ്ത നിര്‍മ്മാതാവ് എസ്.ആര്‍ പ്രഭു.

കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ കേരളമാണ് മുന്നില്‍. മറ്റുള്ള സംസ്ഥാനങ്ങള്‍ കേരളത്തെ മാതൃകയാക്കണമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഒപ്പം വിവിധ സംസ്ഥാനങ്ങളിലെ കൊറോണ കണക്കും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായും ലോകത്തിലെ മറ്റു രാജ്യങ്ങളുമായും താരതമ്യം ചെയ്യുമ്പോള്‍ കൊറോണ മോചിതരുടെ നിരക്കില്‍ ഒന്നാമതാണ് കേരളം. ഇതിന് കേരളത്തെ ആദരിക്കണം. അവരില്‍ നിന്ന് മറ്റു സംസ്ഥാനങ്ങള്‍ നിര്‍ദേശങ്ങള്‍ സ്വീകരിക്കണം. അങ്ങനെ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.- എസ്.ആര്‍ പ്രഭു കുറിച്ചു. കാര്‍ത്തി നായകനായ ഹിറ്റ് ചിത്രം കൈതിയുടെ നിര്‍മ്മാതാവാണ് പ്രഭു.

അതേസമയം പുതുതായി രോഗബാധിതരാകുന്നവരുടെ ശരാശരി എണ്ണം നിലവില്‍ കേരളത്തില്‍ കുറഞ്ഞു വരികയാണ്. പുതിയ രോഗികളെക്കാള്‍ കൂടുതലാണു രോഗമുക്തരാകുന്നവരുടെ എണ്ണമെന്നതും കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ മാറ്റ് കൂട്ടുന്നതാണ്. ഇന്നലെ ഒരാള്‍ക്ക് മാത്രമാണ് വൈറസ് സ്ഥിരീകരിച്ചത്. ഇത് കേരളത്തെ സംബന്ധിച്ച് അഭിമാനനേട്ടമാണ്.

387 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതില്‍ 218പേര്‍ രോഗവിമുക്തരാവുകയും ചെയ്തു. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിന് താഴെയുമായിട്ടുണ്ട്. എന്നാല്‍ രോഗവ്യാപനം കുറഞ്ഞെങ്കിലും ജാഗ്രത തുടരണമെവന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

Top