മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ രാത്രി തുറന്നുവിടുന്ന തമിഴ്‌നാടിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ല; മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: തമിഴ്‌നാട് രാത്രിയില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവിടുന്നത് അംഗീകരിക്കാനാവില്ലെന്ന് റോഷി അഗസ്റ്റിന്‍. തമിഴ്‌നാട് സര്‍ക്കാര്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലാത്തതാണെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

രാത്രികാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടരുതെന്ന് പലതവണ കേരളം തമിഴ്‌നാടിനെ അറിയിച്ചതാണ്. ഈ നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. സാഹചര്യം സുപ്രീംകോടതിയെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.

അണക്കെട്ടിന്റെ 9 ഷട്ടറുകള്‍ 120 സെന്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. സെക്കന്‍ഡില്‍ 12,654 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഈ വര്‍ഷം ഇതാദ്യമായാണ് ഇത്രയധികം വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. വരും മണിക്കൂറുകളില്‍ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞാല്‍ മാത്രമേ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറയുകയുള്ളൂ.

8000 ഘനയടി വെള്ളമായിരുന്നു ഈ സീസണില്‍ നേരത്തെ ഏറ്റവും കൂടുതലായി തുറന്നുവിട്ടത്. ആളുകളെ മാറ്റുന്നത് സംബന്ധിച്ച് കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പെരിയാറിന്റെ ഇരുകരയിലും താമസിക്കുന്നവര്‍ക്ക് അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top