മധുരയില്‍ വാക്‌സിനെടുക്കാത്തവര്‍ക്ക് ഹോട്ടലുകളിലും മാളുകളിലും വിലക്കുമായി ഭരണകൂടം

മധുര: രാജ്യത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വാക്‌സിനെടുക്കാത്തവര്‍ക്ക് ഹോട്ടലുകളിലും മാളുകളിലും ഷോപ്പിംഗ് കോംപ്ലക്‌സുകളിലും പ്രവേശനമുണ്ടായിരിക്കില്ലെന്ന് തമിഴ്‌നാട് മധുര ജില്ലാഭരണകൂടം. നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ആളുകള്‍ക്ക് ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും എടുക്കാന്‍ ഒരാഴ്ച സമയം നല്‍കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഒരാഴ്ചക്കുള്ളില്‍ വാക്‌സിന്‍ എടുത്തില്ലെങ്കില്‍ ഹോട്ടലുകള്‍, ഷോപ്പിംഗ് മാളുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ പ്രവേശിപ്പിക്കില്ലെന്ന് മധുര ജില്ലാ കലക്ടര്‍ അനീഷ് ശേഖര്‍ അറിയിച്ചു. ജില്ലയില്‍ മൂന്നു ലക്ഷത്തോളം പേര്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും എടുത്തിട്ടില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. മധുരയില്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ 71.6 ശതമാനമാണ്. 32.8 ശതമാനമാണ് രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍. രണ്ടാമത്തെ സമയപരിധി കഴിഞ്ഞിട്ടും വാക്‌സിന്‍ എടുക്കാത്ത 3 ലക്ഷം പേരുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ണാടകയിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. തിയറ്ററുകളിലും മാളുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം.

Top