തമിഴ്‌നാട്ടിൽ രാജ്യത്തെ ആദ്യത്തെ കുട്ടിത്തേവാങ്ക് സങ്കേതം

ചെന്നൈ: കരൂർ, ദിണ്ടിക്കൽ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കടുവൂർ വനമേഖലയെ കുട്ടിത്തേവാങ്ക് സങ്കേതമാക്കി പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ വിജ്ഞാപനമിറക്കി. ഇന്ത്യയിലെ ആദ്യത്തെ കുട്ടിത്തേവാങ്ക് വന്യജീവിസങ്കേതമാണിതെന്ന് സർക്കാർ അവകാശപ്പെട്ടു. കരൂർ, ദിണ്ടിക്കൽ ജില്ലകളിൽ 11,806 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന വനപ്രദേശമാണ് സങ്കേതമായി പ്രഖ്യാപിച്ചത്.

കുട്ടിത്തേവാങ്കുകളുടെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുകയും അവ നേരിടുന്ന ഭീഷണികൾ ലഘൂകരിച്ച് സംരക്ഷിക്കുകയുമാണ് ലക്ഷ്യം. പ്രത്യേകസങ്കേതം വരുന്നതിലൂടെ കുട്ടിത്തേവാങ്കുകളുടെ എണ്ണം വർധിപ്പിക്കാനാവുമെന്നാണ് തമിഴ്‌നാടിന്റെ പ്രതീക്ഷ.

കരൂർ, ദിണ്ടിക്കൽ ജില്ലകളിലെ വനമേഖല കുട്ടിത്തേവാങ്കുകളുടെ പ്രധാന ആവാസകേന്ദ്രങ്ങളായി നേരത്തേ കണ്ടെത്തിയിരുന്നു. ജീവിതത്തിന്റെ ഭൂരിഭാഗം സമയവും മരങ്ങളിൽ ചെലവഴിക്കുന്ന കുട്ടിത്തേവാങ്കുകൾ കാർഷികവിളകൾ നശിപ്പിക്കുന്ന കീടങ്ങളെ വേട്ടയാടുന്നതിലൂടെ കർഷകർക്കു പ്രയോജനംചെയ്യുന്നുണ്ട്.

Top