സിനിമക്കാരുടെ രാഷ്ട്രീയപ്രവേശം തമിഴ്‌നാടിന്റെ ശാപം; വിജയ്‌ക്കെതിരെ വിസികെ

ചെന്നൈ: രാഷ്ട്രീയ പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ നടന്‍ വിജയ്‌ക്കെതിരെ ഒളിയമ്പുമായി വിസികെ നേതാവ് തിരുമാവളവന്‍ എംപി. സിനിമ താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് തമിഴ് നാടിന്റെ ശാപമെന്നാണ് വിമര്‍ശനം. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളുമായി വിജയ് നടത്തിയ സംവാദം വന്‍ശ്രദ്ധ നേടിയിരുന്നു. പന്ത്രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന സംവാദമായിരുന്നു ഇത്. അതുപോലെ പണം വാങ്ങി വോട്ട് ചെയ്യരുതെന്ന വിജയിയുടെ പരാമര്‍ശവും ചര്‍ച്ചയായിരുന്നു.

അതേസമയം താരത്തിന്റെ ജന്മദിനാഘോഷത്തിന് ആരാധക കൂട്ടായ്മ നല്‍കിയ അപേക്ഷ തിരുപ്പൂര്‍ പൊലീസ് തള്ളി. വിജയിയുടെ ജന്മദിനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകര്‍. രാഷ്ട്രീയപ്രവേശന അഭ്യൂഹത്തിനിടെയാണ് ജന്മദിന ആഘോഷങ്ങള്‍. പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് നടന്‍ വിജയിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഉദയനിധി സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. പറഞ്ഞത് നല്ല കാര്യം അല്ലേ എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രതികരണം. ആര്‍ക്കും രാഷ്ട്രീയത്തില്‍ വരാമെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. 10,12 ക്ളാസ്സുകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് ആദരം നല്‍കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു നടന്‍ വിജയ്. വിജയുടെ രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു ഈ പരിപാടി.

Top