എഡിഎംകെയുടെ കൊടിമരം ഒഴിവാക്കാന്‍ ശ്രമിച്ചു; ട്രക്കിടിച്ച് സ്‌കൂട്ടര്‍ യാത്രിക്കാരിയ്ക്ക് ഗുരുതരപരിക്ക്

ചെന്നൈ: പാര്‍ട്ടിയുടെ കൊടിമരത്തില്‍ വാഹനം ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ ലോറി തട്ടി സ്‌കൂട്ടര്‍ യാത്രികയ്ക്ക് ഗുരുതരപരിക്ക്. കോയമ്പത്തൂര്‍ അവിനാഷ് റോഡില്‍ തിങ്കളാഴ്ച രാവിലെ 8.30 ന് ആയിരുന്നു സംഭവം. എംബിഎ ബുരുദധാരിയായ അനുരാധ രാജശ്രീക്കാണ് (30) പരിക്കേറ്റത്.എഐഎഡിഎംകെയുടെ താഴെ വീണ കൊടിമരത്തില്‍ വാഹനം ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ കോയമ്പത്തൂര്‍ ഗോകുലം പാര്‍ക്കിലെ ഓഫീസിലേക്ക് പോകുമ്പോള്‍ ആയിരുന്നു അപകടം.

വേഗത്തില്‍ വരികയായിരുന്ന ട്രക്കിന്റെ മുമ്പിലെ ടയര്‍ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. കാലുകള്‍ക്ക് ഗുരുതര പരിക്കേറ്റ രാജേശ്വരിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു.

കോയമ്പത്തൂരിലെത്തുന്ന മുഖ്യമന്ത്രി ഇ പളനിസ്വാമിയെ സ്വീകരിക്കാന്‍ വേണ്ടി അവിനാസി ദേശീയപാതയില്‍ സ്ഥാപിച്ച കൊടിമരം വീണത് കാരണമാണ് അപകടമുണ്ടായതെന്നും പൊലീസ് ഇത് മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും രാജേശ്വരിയുടെ ബന്ധുക്കള്‍ പറഞ്ഞു.

സെപ്റ്റംബറില്‍ ചെന്നൈയില്‍ ഫ്‌ലക്‌സ് ബോര്‍ഡ് വീണ് സോഫ്റ്റ്വെയര്‍ എന്‍ജിനിയറായ യുവതി മരിച്ചത് വിവാദമായിരുന്നു. അണ്ണാഡിഎംകെ നേതാവ് ജയഗോപാലിന്റെ മകന്റെ വിവാഹപരസ്യ ബോര്‍ഡ് വീണാണ് സ്‌കൂട്ടര്‍ യാത്രക്കാരിയായിരുന്ന സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍ ശുഭശ്രീ മരിച്ചത്. ഉത്തരവാദികളായ രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരെ നടപടി വൈകുന്നതില്‍ മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Top