തമിഴ്‌നാട്ടില്‍ ഇന്ന് നഗരസഭാ തെരഞ്ഞെടുപ്പ്; വിജയം പ്രതീക്ഷിച്ച് ഡിഎംകെ

ചെന്നൈ: പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തമിഴ്നാട്ടില്‍ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്നു നടക്കുന്നു. തുടര്‍ച്ചയായ നാലാം തെരഞ്ഞെടുപ്പ് വിജയത്തിനായി സജീവമായി രംഗത്തിറങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സംഖ്യം.

ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാറിച്ച വിജയക്കൊടി നഗരസഭാ തെരഞ്ഞെടുപ്പിലും പാറിക്കാനാണ് കൊണ്ടുപിടിച്ച ശ്രമം.

ചെന്നൈ ഉള്‍പ്പെടെ 21 നഗരങ്ങളും 138 മുനിസിപ്പാലിറ്റികളും 490 ടൗണ്‍ പഞ്ചായത്തുകളും 12,000ല്‍ അധികം അംഗങ്ങളെ തെരഞ്ഞെടുക്കും. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ ബോഡികള്‍ക്ക് തെരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഉണ്ടായിരുന്നില്ല.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഡിഎംകെ വാഗ്ദാനം ചെയ്ത വീട്ടമ്മമാര്‍ക്കു പ്രതിമാസം 1,000 രൂപ ശമ്പളം നല്‍കുമെന്ന പ്രഖ്യാപനം സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കുമെന്ന് എം.കെ. സ്റ്റാലിന്‍ പ്രചാരണത്തിനിടെ ആവര്‍ത്തിച്ചു.

അതേസമയം, മൂന്നു തെരഞ്ഞെടുപ്പുകളിലെ പരാജയത്തിനു ശേഷം തങ്ങളുടെ രാഷ്ട്രീയ ഭാഗ്യം വീണ്ടും പരീക്ഷിക്കുകയാണ് പ്രതിപക്ഷ എഐഎഡിഎംകെ സംഖ്യം. നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലു സീറ്റുകള്‍ നേടി സംസ്ഥാനത്തു കാലുറപ്പിച്ച ബിജെപി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.

സംസ്ഥാനത്ത് തങ്ങളുടെ ചുവടുറപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് എഐഎഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ചു ബിജെപി മത്സരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലും സംസ്ഥാന തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടെങ്കിലും നടന്‍ കമല്‍ഹാസന്റെ എംഎന്‍എം പോരാട്ടത്തിനു രംഗത്തുണ്ട്.

 

Top