ആ‍ര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ എതിര്‍ക്കുന്നില്ല, സുരക്ഷയാണ് പ്രശ്നമെന്ന് തമിഴ്നാട് സുപ്രീംകോടതിയിൽ

ദില്ലി: ആർ എസ് എസ് റൂട്ട് മാർച്ചിന് അനുവാദം നൽകിയതിനെതിരായ തമിഴ്നാട് സർക്കാർ അപ്പീലിൽ വാദം കേൾക്കുന്നത് ഈ മാസം പതിനേഴിലേക്ക് മാറ്റി. റൂട്ട് മാർച്ചിനെ എതിർക്കുന്നില്ലെന്ന് തമിഴ് സർക്കാർ സുപ്രീംകോടതയിൽ അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങളാണ് വിഷയമെന്നും മാർച്ച് നടത്താൻ ബദൽ റൂട്ട് സമർപ്പിക്കാമെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്.

തമിഴ്നാട്ടിലെ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നൽകിയ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. റൂട്ട് മാർച്ചിന് അനുമതി നൽകാൻ നേരത്തെ പൊലീസിന് മദ്രാസ് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.

റൂട്ട് മാർച്ചിന് മൂന്ന് തീയതികൾ നിർദ്ദേശിക്കാനും പൊലീസിന്റെ അനുമതിക്ക് അപേക്ഷിക്കാനുമായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. അപേക്ഷ നിയമാനുസൃതം പരിഗണിക്കണമെന്ന് പൊലീസിനോട് നിർദേശിച്ചതോടൊപ്പം ആരെയും പ്രകോപിക്കാതെ മാർച്ച് സംഘടിപ്പിക്കാൻ ആർഎസ്എസിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ച് വിധി റദ്ദാക്കിക്കൊണ്ടായിരുന്നു ജസ്റ്റിസുമാരായ ആർ.മഹാദേവൻ, മുഹമ്മദ് ഷെഫീഖ് എന്നിവരുടെ ബഞ്ചിന്റെ ഉത്തരവ്.

ആശയപ്രകാശനത്തിനും സംഘടിക്കാനുമുള്ള ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾ നിഷേധിക്കും വിധം സർക്കാരുകൾ പെരുമാറരുതെന്നും കോടതി നിർദ്ദേശിച്ചിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിന് സംസ്ഥാന വ്യാപകമായി റൂട്ട് മാർച്ച് നടത്താനുള്ള ആർഎസ്എസിന്റെ തീരുമാനം ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് തടഞ്ഞിരുന്നു.

നേരത്തെ ഒക്ടോബര്‍ രണ്ടിന് നടത്താന്‍ ഇരുന്ന ആര്‍എസ്എസ് മാര്‍ച്ചിന് തമിഴ്നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിക്കുകയായിരുന്നു. ആ‍ർഎസ്എസ് തമിഴ്നാട്ടില്‍ ഒക്ടോബര്‍ രണ്ടിന് നടത്താനിരുന്ന റൂട്ട് മാർച്ച് തടഞ്ഞ തമിഴ‍്നാട് സർക്കാർ തീരുമാനം മദ്രാസ് ഹൈക്കോടതി നേരത്തെ ശരിവയ്ക്കുകയും ചെയ്തിരുന്നു.

Top