കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്നാട്

കമ്പം : കേരള അതിർത്തിയോടു ചേർന്ന് തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്നാട് വനംവകുപ്പ്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ് റെഡ്ഡിയാണ് ഇക്കാര്യം വ്യക്തമാക്കിയതായി മനോരമ ന്യൂസ്‌ റിപ്പോർട്ട് ചെയ്തു. തൽക്കാലം മയക്കുവെടി വച്ച് ഉൾവനത്തിലേക്ക് നീക്കാനാണ് തീരുമാനം. മയക്കുവെടി വയ്ക്കുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നും ശ്രീനിവാസ് റെഡ്ഡി അറിയിച്ചു.

ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് പൊലീസ് മുന്നറിയിപ്പു നല്‍കി. തോക്കുമായി പൊലീസുകാര്‍ രംഗത്തെത്തി. ആകാശത്തേക്കു വെടിവച്ച് അരിക്കൊമ്പനെ കാട്ടിലേക്ക് ഓടിക്കാനാണു പൊലീസ് ശ്രമിക്കുന്നത്. അതേസമയം കേരളത്തിന്റെ ഭാഗത്തേക്കു നീങ്ങിയ ആന തിരിഞ്ഞ് വീണ്ടും കമ്പം ഭാഗത്തേക്കു തന്നെ പോകുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

ഇന്നു രാവിലെ കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ വൻതോതിൽ ഭീതി സൃഷ്ടിച്ച് നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ഓട്ടോറിക്ഷ ഉൾപ്പെടെ തകർത്ത ആന, ആളുകളെ വിരട്ടിയോടിച്ചു. ടൗണിലെ പ്രധാന റോഡുകളിലൊന്നിലൂടെ ആളുകളെ ഓടിക്കുന്ന അരിക്കൊമ്പന്റെ ദൃശ്യം പുറത്തായിരുന്നു.

അരിക്കൊമ്പന്റെ പരാക്രമം ജനജീവിതത്തെ ബാധിച്ച സാഹചര്യത്തിലാണ് മയക്കുവെടി വയ്ക്കാനുള്ള തീരുമാനം. മുൻപും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ അരിക്കൊമ്പൻ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. തമിഴ്നാട് സർക്കാർ ബസിനു നേരെ അരിക്കൊമ്പൻ പാഞ്ഞടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇതിനിടെ അരിക്കൊമ്പനെ ഭയന്ന് മേഘമലയിലേക്കുള്ള വിനോദസഞ്ചാരം പോലും നിർത്തിവച്ചിരുന്നു.

അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്ന കാര്യത്തിൽ പ്രാഥമിക തലത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങൾ തീരുമാനിക്കേണ്ടതുണ്ടെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ് റെഡ്ഡി നൽകുന്ന വിവരം. ആനയെ മയക്കുവെടി വച്ച് കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടി ഉൾവനത്തിലേക്ക് മാറ്റാനാണ് ഇപ്പോഴുള്ള തീരുമാനം. കമ്പം ടൗണിൽ ഉൾപ്പെടെ ആന പരാക്രമം തുടരുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വൈകാനിടയില്ല.

Top