പരിശോധന ശക്തമാക്കി തമിഴ്‌നാട്; പ്രത്യേക സംഘത്തെ നിയമിച്ച് ആരോഗ്യമന്ത്രി

ചെന്നൈ: കേരളം ഉള്‍പ്പടെ കൊറോണ ബാധിത സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് തമിഴ്‌നാട്ടില്‍ നിരീക്ഷണം കര്‍ശനമാക്കിയതായി ആരോഗ്യമന്ത്രി. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ദൗത്യസംഘത്തെ നിയമിച്ചു.

അതേസമയം കേരളത്തിലേക്കുള്ള നാല് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ട്രെയിനുകളിലും ബസുകളിലുമായി എത്തുന്ന സംസ്ഥാനാന്തര യാത്രക്കാരെ തെര്‍മ്മല്‍ ടെസ്റ്റിങ്ങ് നടത്തിയ ശേഷമാണ് കടത്തിവിടുന്നത്. ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് പോകുന്ന മൂന്ന് ഗെയ്റ്റുകളിലും വൈദ്യസംഘത്തെ നിയോഗിച്ചു.

കേരളം, കര്‍ണാടക, മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള കൊവിഡ് ബാധിത സംസ്ഥാനങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദേശം. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ ചരക്ക് വാഹനങ്ങള്‍ കെഎസ്ആര്‍ടിസി ഉള്‍പ്പടെ അണമുക്തമാക്കിയ ശേഷമാണ് കടത്തിവിടുന്നത്.

ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം എസി എക്‌സ്പ്രസ് ,വേളാങ്കണി എറണാകുളം സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി. യാത്രക്കാരുടെ കുറവ് മൂലം ട്രെയിനുകള്‍ റദ്ദാക്കുന്നുവെന്നാണ് അറിയിപ്പ്. അതേസമയം, തമിഴ്‌നാട്ടില്‍ രണ്ടാമത്തെ കൊറോണ കേസും റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടിലെത്തിയ ഡല്‍ഹി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.

Top