തമിഴ്‌നാട്ടില്‍ ഇന്ന് 86 പേര്‍ക്ക് കൂടി കൊറോണ; 85 പേര്‍ നിസാമുദ്ദീനില്‍ നിന്നെത്തിയത്

ചെന്നൈ: നിസാമുദ്ദീനില്‍ നിന്നും വന്ന 85 പേരടക്കം തമിഴ്‌നാട്ടില്‍ 86 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 571 ആയി. അതേ സമയം തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം മരിച്ച 71 കാരന്റെ മൃതദേഹം സംസ്‌കരിച്ചതില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. സുരക്ഷാ ബാഗ് തുറന്ന് മതാചാരപ്രകാരം നടത്തിയ സംസ്‌കാര ചടങ്ങില്‍ അമ്പതിലധികം പേരാണ് പങ്കെടുത്തത്.

ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 71 കാരനും 60 വയസ്സുള്ള ചെന്നൈ സ്വദേശിയുമാണ് മരിച്ചത്. ദുബായില്‍ നിന്നെത്തിയ 71 കാരനായ രാമനാഥപുരം സ്വദേശി വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് മരണപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരീച്ച് മൃതദേഹം കൈമാറി.

മൂന്ന് പേരില്‍ കൂടുതല്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദേശം. എന്നാല്‍ രാമനാഥപുരം കീഴാക്കരൈ പള്ളി വളപ്പില്‍ നടന്ന സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തത് അമ്പതിലധികം പേരായിരുന്നു .മുന്‍കരുതലിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ തുറക്കരുതെന്ന് പറഞ്ഞ ബാഗ് തുറന്ന് മൃതദേഹം പുറത്തെടുത്ത് മതാചാര പ്രകാരമാണ് സംസ്‌കരിച്ചതെന്നും ആരോഗ്യ വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തി. സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവരെയെല്ലാം നിരീക്ഷണത്തിലാക്കാനാണ് ശ്രമം.

Top