ദളപതിയെ പേടിച്ച് തമിഴക രാഷ്ട്രീയ നേതൃത്വങ്ങള്‍, പുതിയ കരുനീക്കം !

ലേറ്റായാലും ലേറ്റസ്റ്റായി വരുമെന്നത് സൂപ്പര്‍സ്റ്റാറിന്റെ മാസ് ഡയലോഗാണ്. എന്നാലിപ്പോള്‍ ആ ഡയലോഗ് പ്രാവര്‍ത്തകമാക്കാന്‍ പോകുന്നത് ദളപതി വിജയ് ആണ്. എം.ജി ആറിന്റെ പിന്‍ഗാമിയായി ദളപതിയെ ചിത്രീകരിക്കുന്ന പോസ്റ്ററുകള്‍ തമിഴകത്ത് വലിയ വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്. സംസ്ഥാന മന്ത്രി ജയകുമാറും അണ്ണാ ഡി.എം.കെ നേതൃത്വവുമാണ് ദളപതിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഒരിക്കലും വിജയ് എം.ജി.ആറിന്റെ പിന്‍ഗാമിയാകില്ലെന്നാണ് അവര്‍ തുറന്നടിക്കുന്നത്. തമിഴകത്തെയാകെ അമ്പരിപ്പിച്ചു കൊണ്ടാണ് എം.ജി.ആറിന്റെ വേഷത്തില്‍ വിജയ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്നും തമിഴക മനസ്സില്‍ ഏറെ സ്വാധീനം ചെലുത്തുന്ന നേതാവാണ് എം.ജി.രാമചന്ദ്രന്‍ എന്ന എം.ജി.ആര്‍. സൂപ്പര്‍ സ്റ്റാറായി വിലസി പിന്നീട് തമിഴക ഭരണം തന്നെ പിടിച്ച ചരിത്രമാണ് അദ്ദേഹത്തിനുള്ളത്.

തമിഴകത്തെ സുവര്‍ണ്ണ കാലഘട്ടം എന്നാണ് പാവങ്ങള്‍ എം.ജി.ആര്‍ മുഖ്യമന്ത്രിയായ കാലഘട്ടത്തെ വിലയിരുത്തുന്നത്. ജനകീയനായ ഈ നേതാവിന്റെ നിഴല്‍ പറ്റിയാണ് ജയലളിതയും രാഷ്ട്രീയത്തില്‍ തിളങ്ങിയിരുന്നത്. പിന്നീട് നിരവധി തവണ അവര്‍ തമിഴക മുഖ്യമന്ത്രിയായും വിലസുകയുണ്ടായി. ജയലളിതയുടെ വേര്‍പാടിന് ശേഷം അനാഥമായ അവസ്ഥയിലാണിപ്പോള്‍ അണ്ണാ ഡി.എം.കെ. 2021 ലെ തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്ന് ഇപ്പോഴും പാര്‍ട്ടി നേതാക്കള്‍ക്ക് നിശ്ചയമില്ല. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും രണ്ട് ധ്രുവങ്ങളിലാണുള്ളത്. മുഖ്യമന്ത്രിയായി ഇവരെ രണ്ട് പേരില്‍ ആരെ ഉയര്‍ത്തി കാട്ടിയാലും അത് ഗുണം ചെയ്യാനും സാധ്യതയില്ല. പ്രതിപക്ഷം മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നത് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനെയാണ്. ലോകസഭ തിരഞ്ഞെടുപ്പില്‍ തൂത്ത് വാരിയതാണ് ഡി.എം.കെ മുന്നണിക്ക് ആത്മവിശ്വാസം നല്‍കുന്നത്. ഇനി കളത്തില്‍ ഇറങ്ങാന്‍ പോകുന്നതാകട്ടെ സൂപ്പര്‍ സ്റ്റാര്‍ രജനിയുമാണ്. കമലും രജനിയും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമോ എന്നതും പ്രസക്തമായ കാര്യമാണ്.

ബി.ജെ.പിക്കും താല്‍പര്യം രജനീകാന്തിനോടാണ്. സൂപ്പര്‍ സ്റ്റാറിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനായാണ് തമിഴകമിപ്പോള്‍ കാത്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് എല്ലാവരെയും ഞെട്ടിച്ച് ദളപതിയുടെ എം.ജി.ആര്‍ ‘മോഡല്‍’ രംഗത്തിറങ്ങിയിരിക്കുന്നത്. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ തയ്യാറാക്കിയ പോസ്റ്റാണിതെന്നത് വ്യക്തം. ഒരേ സമയം തമിഴകത്ത് വ്യാപകമായാണ് വിജയ് എം.ജി.ആറിന്റെ വേഷത്തില്‍ നില്‍ക്കുന്ന പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയകളിലും വലിയ വരവേല്‍പ്പാണ് ദളപതിയുടെ ഈ ന്യൂ ലുക്കിന് ലഭിച്ചിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ചങ്കിടിപ്പിക്കുന്നതും ഈ സ്വീകാര്യത തന്നെയാണ്.

2021-ല്‍ വിജയ് കൂടി തിരഞ്ഞെടുപ്പില്‍ ഇറങ്ങിയാല്‍ അത് തമിഴകത്തെയാകെ ഇളക്കി മറിക്കും. ലക്ഷക്കണക്കിന് ആരാധകര്‍ ഓരോ ജില്ലകള്‍ തോറും ദളപതിക്കുണ്ട്. ഇതില്‍ സ്ത്രീകളുടെ എണ്ണവും വളരെ കൂടുതലാണ്. വിജയ് ഇറങ്ങിയാല്‍ പ്രമുഖ താരങ്ങളും അദ്ദേഹത്തെ പിന്തുണച്ചേക്കും. ഇനി രാഷ്ട്രീയത്തില്‍ ഇറങ്ങാതെ ഏതെങ്കിലും വിഭാഗത്തെ വിജയ് പിന്തുണയ്ക്കുകയാണെങ്കില്‍ ആ പാര്‍ട്ടിക്ക് തന്നെയായിരിക്കും വിജയ സാധ്യതയും വര്‍ദ്ധിക്കുക. രാഷ്ട്രീയവും സിനിമയും ഇടകലര്‍ന്ന തമിഴകത്ത് രജനിയേക്കാള്‍ നിലവില്‍ സ്വാധീനവും ദളപതിക്കാണ്.

ബി.ജെ.പിയെ സംബന്ധിച്ച് എന്നും കണ്ണിലെ കരടാണ് ഈ താരം. ജോസഫ് വിജയ് എന്നാണ് ബി.ജെ.പി നേതാക്കള്‍ ദളപതിയെ അധിക്ഷേപിക്കുന്നത്. വിജയ് സിനിമകളില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്നതാണ് ഈ പകയ്ക്ക് കാരണം. മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ് തടസ്സപ്പെടുത്താന്‍ വന്ന ബി.ജെ.പി പ്രവര്‍ത്തകരെ തുരത്താന്‍ ആയിരക്കണക്കിന്ന് വിജയ് ആരാധകരാണ് തെരുവിലിറങ്ങിയിരുന്നത്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ പോലും അമ്പരപ്പിച്ച പ്രതിഷേധമായിരുന്നു ഇത്. മാത്രമല്ല ദളപതിക്കെതിരെ നടത്തിയ ഇന്‍കം ടാക്‌സ് റെയ്ഡും ഇപ്പോള്‍ ആവിയായി മാറിയിട്ടുണ്ട്. എല്ലാ കണക്കുകളും കൃത്യമായതിനാല്‍ നടപടി സ്വീകരിക്കാന്‍ കഴിയാതെ ഉദ്യോഗസ്ഥര്‍ തന്നെ ക്ലീന്‍ ചിറ്റ് നല്‍കുകയാണുണ്ടായത്. ഇതും ദളപതിക്ക് അനുകൂലമായി തമിഴകത്ത് ഇപ്പോള്‍ മാറിയിട്ടുണ്ട്.

Top