പ്രതികളെ തേടി രാജസ്ഥാനിലെത്തിയ തമിഴ്‌നാട് പൊലീസ് സംഘത്തിനു നേരെ ആക്രമണം ; ഒരു മരണം

Shot dead

ജയ്പുര്‍: രാജസ്ഥാനില്‍ കവര്‍ച്ചാകേസിലെ പ്രതികളെ പിടിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ പൊലീസ് സംഘത്തില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു, നാല് പേര്‍ക്ക് പരിക്ക്.

കവര്‍ച്ചാസംഘം തന്നെയാണ് പൊലീസുകാരനെ വധിച്ചതെന്നാണ് റിപ്പോര്‍ട്ട്.

രാജസ്ഥാനിലെ പാലി ജില്ലയിലെ ഗ്രാമത്തില്‍ വെച്ചാണ് പൊലീസ് കൊല്ലപ്പെട്ടത്.

കോലാത്തൂരില്‍ റിപ്പോര്‍ട്ട് ചെയ്ത കവര്‍ച്ചാകേസിലെ പ്രതികളില്‍ ഒരാളെ പിടികൂടാനാണ് തമിഴ്‌നാട് പൊലീസ് സംഘം രാജസ്ഥാനില്‍ എത്തിയത്.

സംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന പെരിയ പാണ്ടി (48) ആണ് കൊല്ലപ്പെട്ടത്.

കേസിലെ നാല് പ്രതികളെ തമിഴ്‌നാട് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതിയെ പിടിക്കാന്‍ പൊലീസ് സംഘം രാജസ്ഥാനില്‍ എത്തിയത്.

ബുധനാഴ്ച പുലര്‍ച്ചെ 2.30 ഓടെ പെരിയ പാണ്ടി ഉള്‍പ്പടെയുള്ള സംഘം മുഖ്യപ്രതിയുടെ വീട് വളഞ്ഞപ്പോഴായിരുന്നു വെടിവയ്പ്പുണ്ടായത്.

മുന്‍കരുതലുകളൊന്നും സ്വീകരിക്കാതെ ഇറങ്ങിത്തിരിച്ചതാണ് പൊലീസുകാരന്റെ മരണത്തിന് ഇടവരുത്തിയതെന്നും ആക്ഷേപമുണ്ട്.

തമിഴ്‌നാട് പൊലീസ് സംഘത്തിന്റെ കൈവശം രണ്ടു തോക്കുകള്‍ ഉണ്ടായിരുന്നെങ്കിലും ഇത്തരമൊരു ആക്രമണം അവര്‍ പ്രതീക്ഷിച്ചിരുന്നില്ല.

പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ പോലുംഅറിയിക്കാതെയാണ് തമിഴ്‌നാട് പൊലീസ് പ്രതികളുടെ വീട്ടില്‍ എത്തിയത്.

സംഭവത്തിന് പിന്നാലെ പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചപ്പോഴാണ് കൂടുതല്‍ പൊലീസ് എത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ പെരിയ പാണ്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തില്‍ രാജസ്ഥാന്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പ്രതികള്‍ക്കായി വ്യാപക തെരച്ചില്‍ നടക്കുന്നുണ്ടെന്ന് രാജസ്ഥാന്‍ പൊലീസ് അറിയിച്ചു.

തമിഴ്‌നാട്ടില്‍ നിന്നുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അന്വേഷണത്തിന്റെ ഭാഗമായി രാജസ്ഥാനില്‍ എത്തിയിട്ടുണ്ട്.

Top