തമിഴ്‌നാട്ടില്‍ പൊലീസ് വെടിവെയ്പ്പ്; ആറ് മരണം, നാലുപേരുടെ നില ഗുരുതരം

Shot dead

തമിഴ്‌നാട്: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെയ്പ്പില്‍ ആറ് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്.

തൂത്തുക്കുടിയില്‍ വേദാന്ത ഗ്രൂുപ്പിന്റെ സ്റ്റെര്‍ലൈറ്റ് ലോഹസംസ്‌ക്കരണ കമ്പനി വിപുലീകരിക്കുന്നതിനെതിരെ, കമ്പനിയിലേക്ക് മാര്‍ച്ച് നടത്തിയവരും പൊലീസും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.

നിരോധനാജ്ഞ ലംഘിച്ച സമരക്കാര്‍ക്ക് നേരെ പൊലീസ് വെടിവെയ്ക്കുകയായിരുന്നു. പൊലീസിനു നേരെ കല്ലേറുണ്ടായതോടെയാണ് വെടിവെക്കാന്‍ ഉത്തരവിട്ടത്.

സംഘര്‍ഷത്തിനിടയില്‍ കളക്ട്രേറ്റിലേക്ക് അതിക്രമിച്ച് കയറിയ സമരക്കാര്‍ വാഹനങ്ങള്‍ക്ക് തീയിടുകയും ഓഫീസുകള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തു. പ്രക്ഷോഭം ശക്തമായതോടെ 2000 ലേറെ പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

മേഖലയില്‍ അഞ്ചിലേറെ പേര്‍ ഒത്തുചേരരുതെന്നും പൊതു സമ്മേളനങ്ങളോ ജാഥകളോ നടത്താന്‍ പാടില്ലെന്നും 144-ാം വകുപ്പു പ്രകാരം ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. അത് ലംഘിച്ച് നടത്തിയ പ്രകടനമായിരുന്നു പൊലീസ് തടഞ്ഞത്.

Top