കനത്ത മഴയില്‍ തമിഴ് ജനതയ്‌ക്കൊപ്പം തമിഴ്‌നാട് പൊലീസ് ;ചിത്രങ്ങള്‍ വൈറല്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്നു കൊണ്ട് മാതൃകയായി തമിഴ്‌നാട് പൊലീസ്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും നടക്കുന്നതിനിടയില്‍, ഇതിനു നേതൃത്വം നല്കുന്ന തമിഴ്‌നാട്ടിലെ ചില പൊലീസുകാരുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

റെയില്‍വെ സ്‌റ്റേഷനുകളിലേയും റോഡുകളിലേയും കെട്ടി നില്‍ക്കുന്ന വെള്ളം ഒഴുക്കി വിട്ടും, പകര്‍ച്ചവ്യാധി ആശങ്കയെ തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന ഡ്രൈനേജുകള്‍ തുറന്ന് നല്‍കിയും തമിഴ്‌നാട് പൊലീസുകാര്‍ അഭിമാനമായി മാറിയിരിക്കുകയാണ്.

ഗ്ലൗസുകളോ മറ്റു സുരക്ഷാ മാര്‍ഗങ്ങളോ ഉപയോഗിക്കാതെ തന്നെയാണ് ഇവര്‍ ഓടകള്‍ തുറക്കുന്നത്. ഈ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഇവിടെ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും, നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.

Top