തമിഴ്‌നാട് സര്‍ക്കാരിനെ വെട്ടിലാക്കി ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ട്

notes

ചെന്നൈ: തമിഴ്‌നാട്ടിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും മണല്‍ ഖനന മേഖലയിലെ വ്യവസായിയുടെ കയ്യില്‍നിന്നും കോഴവാങ്ങിയെന്ന് റിപ്പോര്‍ട്ട്.

മണല്‍ ഖനന മേഖലയിലെ വ്യവസായിയായ ശേഖര്‍ റെഡ്ഡി മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി 400 കോടിയോളം രുപ കോഴനല്‍കിയെന്ന ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടാണ് പുറത്തായത്.

മണല്‍ ഖനനത്തിനായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരേയും മന്ത്രിമാരെയും സ്വാധീനിക്കാനാണ് ശേഖര്‍ റെഡ്ഡി പണം നല്‍കിയതെന്ന് ആദായനികുതിവകുപ്പ് പറയുന്നു.

കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുന്ന ആളാണ് ശേഖര്‍ റെഡ്ഡി. കഴിഞ്ഞ ഡിസംബറില്‍ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് 33 കോടിയുടെ പുതിയ 2000 രൂപ നോട്ടുകള്‍ ഉള്‍പ്പടെ 142 കോടിരൂപ റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു.

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ശേഖര്‍ റെഡ്ഡിക്കെതിരെ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്. തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറി രാമമോഹന റാവുവിന്റെ മകന്‍ വിക്രം റാവുമായി ബിസിനസ് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനിടെയാണ് സര്‍ക്കാരിനെ കുരുക്കിലാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് റെഡ്ഡിയുടെ 33.74 കോടിയുടെ വസ്തുവകകള്‍ കണ്ടുകെട്ടിയിരുന്നു. നിലവില്‍ ശേഖര്‍ റെഡ്ഡി പല കേസുകളില്‍പെട്ട് ജയിലിലാണ്.

Top