നാമക്കലില്‍ നിന്ന് മുട്ടയുമായി കോട്ടയത്തെത്തിയ ലോറി ഡ്രൈവര്‍ക്ക് കൊവിഡ്; 10 പേര്‍ ക്വാറന്റൈനില്‍

കോട്ടയം: തമിഴ്‌നാട്ടിലെ നാമക്കലില്‍നിന്നു മുട്ടയുമായി കേരളത്തിലെത്തിയ ലോറി ഡ്രൈവര്‍ക്കു കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഡ്രൈവറുമായി സമ്പര്‍ക്കം പുലര്‍ത്തിയ 10 പേരെ ക്വാറന്റൈനിലാക്കി.

ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൂത്താട്ടുകുളത്തെ മുട്ടക്കടയില്‍ ആരോഗ്യ വകുപ്പ്, പൊലീസ്, അഗ്‌നിരക്ഷാസേന എന്നിവരുടെ നേതൃത്വത്തില്‍ വിവരശേഖരണവും ശുചീകരണവും നടത്തി. മുട്ടക്കട സ്ഥിതിചെയ്യുന്ന കൂത്താട്ടുകുളം ഹൈസ്‌കൂള്‍ റോഡിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും പൊലീസ് രാവിലെ തന്നെ അടപ്പിച്ചിരുന്നു.

തിങ്കളാഴ്ചയാണു ലോറി കോട്ടയം ജില്ലയില്‍ അയര്‍കുന്നം, സംക്രാന്തി, കോട്ടയം എന്നിവിടങ്ങളിലെ കടകളില്‍ എത്തിയത്. 10 പേരും പ്രൈമറി ലോ റിസ്‌ക് കോണ്‍ടാക്ടുകളാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മേയ് 3ന് രാവിലെ ആറിനാണ് നാമക്കലില്‍നിന്നു കൂത്താട്ടുകുളം മാര്‍ക്കറ്റിലെ മുട്ട വ്യാപാര കേന്ദ്രത്തില്‍ ലോഡുമായി എത്തിയത്. തുടര്‍ന്ന് കോട്ടയം ജില്ലയിലും ലോഡ് ഇറക്കി. നാലിനാണ് തിരികെ പോയത്.

തമിഴ്‌നാട്ടിലെ വെണ്ണണ്ടൂര്‍ ചെക്ക് പോസ്റ്റില്‍ എടുത്ത സാംപിള്‍ ഫലം പോസിറ്റീവ് ആണെന്നു സ്ഥിരീകരിച്ചതോടെ രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടു പേരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചു. കൂടുതല്‍ പേരുമായി സമ്പര്‍ക്കം ഉണ്ടായിട്ടില്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

Top