തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പ്; സ്റ്റാലിന് മിന്നുന്ന വിജയം

ചെന്നൈ: തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്റ്റാലിന് മിന്നുന്ന വിജയം. ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷനിലും മധുരൈ കോര്‍പ്പറേഷനിലും ചെന്നൈ കോര്‍പ്പറേഷനിലുമടക്കം എല്ലാ പ്രധാന തദ്ദേശസ്ഥാപനങ്ങളിലും ഡിഎംകെ ഭരണം ഉറപ്പാക്കിക്കഴിഞ്ഞു.

എഐഎഡിഎംകെയുടെ ഉറച്ച കോട്ടയായി കരുതപ്പെടുന്ന ഇടങ്ങളും ഡിഎംകെ പിടിച്ചെടുത്തതില്‍പ്പെടും. മുതിര്‍ന്ന നേതാക്കളായ ഒ പനീര്‍ശല്‍വത്തിന്റേയും എടപ്പാടി പളനി സ്വാമിയുടേയും വാര്‍ഡുകളില്‍ പോലും വിജയിക്കാന്‍ എഐഎഡിഎംകെയ്ക്കായില്ല.

പടിഞ്ഞാറന്‍ തമിഴ്‌നാട്ടിലെ ഏതാണ്ട് 75 ശതമാനത്തിലേറെ സീറ്റുകളും ഡിഎംകെ സ്വന്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ ഇവിടെ സമ്പൂര്‍ണ്ണ വിജയം നേടിയിരുന്നു. കോയമ്പത്തൂര്‍ മേഖലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലും വിജയം നേടിയത് എഐഎഡിഎംകെയായിരുന്നു. എന്നാല്‍, ഇവിടെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കും വിജയം നേടിയിരിക്കുന്നത് ഡിഎംകെയാണ്.

എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിനുള്ള അംഗീകാരമായാണ് ഡിഎംകെ ഇതിനെ നോക്കിക്കാണുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ എഐഎഡിഎംകെ ശക്തിമേഖലകള്‍ കേന്ദ്രീകരിച്ച് ഡിഎംകെ പ്രവര്‍ത്തനം ശക്തമാക്കിയിരുന്നു.

കോര്‍പ്പറേഷനുകളിലെ 1.374 വാര്‍ഡുകളില്‍ 425 എണ്ണം ഡിഎംകെ നേടി. 75 ഇടത്താണ് എഐഎഡിഎംകെയ്ക്ക് വിജയിക്കാന്‍ സാധിച്ചത്. 3,843 മുന്‍സിപ്പാലിറ്റി വാര്‍ഡുകളില്‍ 1,832 എണ്ണത്തിലേയ്ക്ക് ഡിഎംകെയും 494 ഇടത്തേയ്ക്ക് നിയമസഭയിലെ പ്രധാന പ്രതിപക്ഷവും വിജയിച്ചു. ടൗണ്‍ പഞ്ചായത്തില്‍ 4,261 ഇടത്ത് ഡിഎംകെ വിജയിച്ചു. 7,621 ആകെ വാര്‍ഡുകളില്‍ 1,178 ഇടത്ത് മാത്രമാണ് എഐഎഡിഎംകെയ്ക്ക് വിജയിക്കാന്‍ സാധിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് നടന്നിരുന്നത്. 138 മുന്‍സിപ്പാലിറ്റികളിലേയ്ക്കും 490 ടൗണ്‍ പഞ്ചായത്തുകളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ജനപ്രതിനിധികള്‍ ഇല്ലായിരുന്നു. തുടര്‍ച്ചയായി നാലാം തവണയാണ് ഡിഎംകെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം നേടുന്നത്.

Top