പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് നിയമ സഭ

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് നിയമ സഭ. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്. പൗരത്വ നിയമ ഭേദഗതി ഭരണഘടനയിലെ മതേതര മൂല്യങ്ങള്‍ക്ക് എതിരാണെന്നും രാജ്യത്തെ മത സൗഹാര്‍ദ്ദത്തിനെ സാരമായി ബാധിക്കുമെന്ന നിരീക്ഷണത്തോടെയാണ് എം കെ സ്റ്റാലിന്‍ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

‘ ജനാധിപത്യ മൂല്യങ്ങളുള്ള ഒരു രാജ്യമെന്ന നിലയില്‍ സമൂഹത്തിലെ എല്ലാ തരം ആളുകളെയും പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ, പൗരത്വ നിയമഭേദഗതി അഭയാര്‍ത്ഥികളെ പരിഗണിക്കുന്നതല്ല, മതത്തിന്റെ പേരില്‍ അവരെ വിഘടിപ്പിക്കുന്നതാണ്. രാജ്യത്തെ ഐക്യവും വര്‍ഗയോജിപ്പും മതേതര മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതിനായി പൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്.’ സ്റ്റാലിന്‍ പറഞ്ഞു.

ശ്രീലങ്കയില്‍ നിന്നുമുള്ള തമിഴ് വംശജര്‍ക്ക് പൗരത്വം ലഭിക്കാനുള്ള അവസരത്തിനും നിയമഭേദഗതി തടസമായേക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. അഭയാര്‍ത്ഥികളോട് മനുഷ്യത്വ പരമായ സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

2019 ലാണ് പാര്‍ലമെന്റില്‍ പൗരത്വ നിയമം പാസാക്കിയത്. ആ വര്‍ഷം ഡിസംബര്‍ 12ന് വിജ്ഞാപനം ഇറക്കുകയും ചെയ്തു. 2020 ജനുവരി 10 മുതല്‍ വിജ്ഞാപനം പ്രാബല്യത്തിലായി.

Top