രാമ രാജ്യ രഥയാത്ര, തമിഴകത്ത് സംഘര്‍ഷം, നിരോധനാജ്ഞ . . എന്തും സംഭവിക്കുമെന്ന്

rama rajya radhayathra

തിരുന്നല്‍വേലി: സംഘപരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന രാമരാജ്യ രഥയാത്ര തമിഴകത്ത് എത്തിയ തോടെ സംഘര്‍ഷമായി. നിരവധി സ്ഥലങ്ങളില്‍ പ്രതിഷേധവുമായി ഒരു വിഭാഗം തമ്പടിക്കുകയാണ്. നിരവധി പേരെ അറസ്റ്റ് ചെയ്ത പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംഘര്‍ഷത്തിന് അയവ് വന്നിട്ടില്ല.

പ്രതിപക്ഷ പാര്‍ട്ടികളും രഥയാത്രക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്.

രഥം ഇന്ന് സംസ്ഥാനത്ത് പ്രവേശിക്കുന്നതിനെ എതിര്‍ത്ത് ഡിഎംകെ ആക്ടിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍ രംഗത്ത് വന്നിരുന്നു. സംസ്ഥാനത്തെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണു രഥയാത്ര വരുന്നതെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സ്റ്റാലിന്‍ ആരോപിച്ചത്.

അയോധ്യ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ രഥയാത്ര സംസ്ഥാനത്തേക്കെത്തുന്നതു കോടതിയലക്ഷ്യമാകും. വിഎച്ച്പിയുടെ സമ്മര്‍ദതന്ത്രം ആയി മാത്രമേ ഇതിനെ കാണാനാകൂ. അണ്ണാഡിഎംകെ സര്‍ക്കാരിനെതിരെയും സ്റ്റാലിന്‍ ആഞ്ഞടിച്ചു. സ്വന്തം സ്ഥാനവും സര്‍ക്കാരിനെയും സംരക്ഷിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി പളനിസാമി രഥയാത്രയ്ക്ക് അനുമതി നല്‍കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

തിരുനല്‍വേലിയില്‍ പ്രവേശിച്ചപ്പോള്‍ത്തന്നെ വിവിധ പാര്‍ട്ടികള്‍ പ്രതിഷേധവുമായി എത്തി. രഥത്തെ സംസ്ഥാനത്തേക്കു പ്രവേശിപ്പിക്കുന്നതു സമാധാന ലംഘനത്തിനിടയാക്കുമെന്ന് ആരോപിച്ച് സ്റ്റാലിന്റെ നേതൃത്വത്തില്‍ നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. നാലു സ്വതന്ത്ര എംഎല്‍എമാരും ഇവരോടൊപ്പമുണ്ടായിരുന്നു. തുടര്‍ന്നു റോഡില്‍ കുത്തിയിരിപ്പു സമരം നടത്തിയ സ്റ്റാലിനെയും പാര്‍ട്ടി നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

rama-rajya-yathra

ഇതിനിടെ തിരുനല്‍വേലിയില്‍ രഥയാത്രയ്‌ക്കെതിരെ സമരം ശക്തമായതിനെത്തുടര്‍ന്നു സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാര്‍ച്ച് 23 വരെ ഇതു തുടരും. വിടുതലെ ചിരുതൈഗള്‍ കക്ഷി (വിസികെ) അംഗങ്ങളാണ് ഇവിടെ പ്രതിഷേധവുമായി എത്തിയത്. ആയിരത്തിലേറെ പൊലീസുകാരെയാണു തമിഴ്‌നാട്ടില്‍ രഥയാത്രയ്ക്കു സുരക്ഷയൊരുക്കാന്‍ വിന്യസിച്ചിരിക്കുന്നത്.

25 ലക്ഷം രൂപ ചെലവിട്ടു നിര്‍മിച്ച രഥം അയോധ്യയില്‍ നിര്‍മിക്കണമെന്നാവശ്യപ്പെടുന്ന ക്ഷേത്രത്തിന്റെ മാതൃകയിലാണ്. ബിജെപി നേതാക്കള്‍ യാത്രയില്‍നിന്നു വിട്ടുനില്‍ക്കുകയാണ്. ആറു സംസ്ഥാനങ്ങള്‍ കടന്നാണു രഥയാത്ര രാമേശ്വരത്ത് അവസാനിക്കുന്നത്. കേരളത്തില്‍നിന്നു ചെങ്കോട്ടയിലേക്കും അവിടെനിന്നു തിരുനല്‍വേലിയിലേക്കുമായിരുന്നു ചൊവ്വാഴ്ച രാവിലെ രഥയാത്ര ആരംഭിച്ചത്.

അയോധ്യയില്‍നിന്ന് ആരംഭിച്ച് മാര്‍ച്ച് 25നു രാമേശ്വരത്ത് അവസാനിക്കുന്ന വിധത്തിലാണു രഥയാത്ര ക്രമീകരിച്ചിരിക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന ആഹ്വാനവുമായാണു യാത്ര.

സാമൂഹിക സൗഹാര്‍ദത്തിനു വേണ്ടിയുള്ള ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണു നിരോധനാജ്ഞയിലൂടെ സര്‍ക്കാര്‍ ചെയ്തതെന്നു നടന്‍ കമല്‍ ഹാസന്‍ ട്വീറ്റിലൂടെ തുറന്നടിച്ചു.

Top