ഡെങ്കിപ്പനിയെ നിയന്ത്രിക്കാൻ തമിഴ്‌നാട്‌ സർക്കാർ ശുചീകരണ പ്രവർത്തനം നടത്തുന്നു

ചെന്നൈ: തമിഴ് നാട്ടിൽ ഡെങ്കിപ്പനിയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനം നടത്തുന്നു.

15 ദിവസത്തെ ശുചികരണ പ്രവർത്തനങ്ങളാണ് തമിഴ്നാട് സർക്കാർ നടത്തുന്നത്.

രോഗം പരത്തുന്ന കൊതുകൾക്ക് മുട്ടയിടാൻ കഴിയുന്ന സാഹചര്യത്തിൽ വീടുകളും മറ്റും വൃത്തിഹീനമായി ഇട്ടിരിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

മുഖ്യമന്ത്രി കെ പളനിസ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഡെങ്കിപ്പനിയുടെ കാര്യത്തിൽ സർക്കാർ പ്രതിരോധ നടപടി സ്വീകരിക്കുന്നില്ല എന്ന് പ്രതിപക്ഷത്തിന്റെ വിമർശനം ഉണ്ടായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

നഗരവികസന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളെയും ശുചിത്വ പരിപാടിയിൽ ഉൾപ്പെടുത്തും. നഗര പ്രദേശങ്ങളിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കും.

പ്രദേശങ്ങളിലെ മാലിന്യങ്ങളും, നിർമ്മാണ അവശിഷ്ടങ്ങളും ശുചികരണത്തിന്റെ ഭാഗമായി നീക്കം ചെയ്യും.

എല്ലാ ജില്ലകളിലും ക്ലീൻ ഡ്രൈവിങ്ങിനായി പ്രത്യേക ടീമുകൾ രൂപവത്കരിക്കും. ഇവർ ആ ജില്ലയിലെ ജില്ലാ കളക്ടർക്ക് ഓരോ ദിവസത്തയെയും റിപ്പോർട്ടുകൾ കൈമാറണം.

കളക്ടർമാർ നേതൃത്വം നൽകുന്ന ഒരു സംഘം പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് കീഴിലുള്ള തൊഴിലാളികളെ ക്ലിയറിങ്ങ് പ്രവർത്തനത്തിനായി വിന്യസിക്കുകയും ചെയ്യും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങി നിർമ്മാണ പ്രവർത്തനങ്ങളുടെ മേഖലകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തും.

കൂടാതെ ഡെങ്കിപ്പനി നിയന്ത്രണവുമായി ബന്ധപ്പെട്ട ആശുപത്രികളിൽ കൂടുതൽ ഡോക്ടർമാരും നേഴ്സിംഗ് ജീവനക്കാരും നിയമിക്കപ്പെടും.

ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് എല്ലാ ജില്ലകളിലും സീനിയർ ഐ.എ.എസ് ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്. ഇക്കാര്യത്തിനായി ഈ ജില്ലകൾ ഉടൻതന്നെ സന്ദർശിക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തു.

റിപ്പോർട്ട് :രേഷ്മ പി.എം

Top