വിസി നിയമനം: സ്റ്റാലിനെ കണ്ട ശേഷം സേര്‍ച്ച് കമ്മിറ്റി വിജ്ഞാപനം പിൻവലിച്ച് തമിഴ്‌നാട് ഗവര്‍ണര്‍

ചെന്നൈ : തമിഴ്‌നാട്ടിൽ മൂന്ന് സര്‍വകലാശാലകളിൽ വൈസ് ചാൻസലറെ നിയമിക്കുന്നതിനുള്ള സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് പുറത്തിറക്കിയ വിജ്ഞാപനം സംസ്ഥാന ഗവര്‍ണര്‍ ആര്‍എൻ രവി പിൻവലിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് വിജ്ഞാപനം പിൻവലിച്ചത്. നേരത്തെ സര്‍വകലാശാലകളിലേക്ക് വിസിമാരെ കണ്ടെത്താൻ സംസ്ഥാന സര്‍ക്കാര്‍ സേര്‍ച്ച് കമ്മിറ്റിയെ രൂപീകരിച്ചിരുന്നു.

എന്നാൽ ഇതംഗീകരിക്കാതെയാണ് ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഗവര്‍ണര്‍ സേര്‍ച്ച് കമ്മിറ്റിയെ രൂപീകരിച്ചുള്ള വിജ്ഞാപനം പിൻവലിച്ചത്. യുജിസി ചെയർമാന്റെ പ്രതിനിധിയടക്കമുള്ളതായിരുന്നു ഗവര്‍ണറുടെ സേര്‍ച്ച് കമ്മിറ്റി.

എന്നാൽ സര്‍വകലാശാല ചട്ടം ഗവര്‍ണര്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ആര്‍എൻ രവിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. യുജിസി ചെയര്‍മാന്റെ പ്രതിനിധിയെ ഉൾപ്പെടുത്തി സർക്കാർ പുതിയ സമിതി രൂപീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവർണർ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിൽ വിശദീകരിച്ചു.

Top