ആർഎസ്എസ് റൂട്ട് മാർച്ച്; ഹൈക്കോടതി അനുമതി സ്റ്റേ ചെയ്യണം: തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ

ചെന്നൈ: തമിഴ്നാട്ടിലെ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നൽകിയ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ. റൂട്ട് മാർച്ചിന് അനുമതി നൽകാൻ പൊലീസിന് മദ്രാസ് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി.

റൂട്ട് മാർച്ചിന് മൂന്ന് തീയതികൾ നിർദ്ദേശിക്കാനും പൊലീസിന്റെ അനുമതിക്ക് അപേക്ഷിക്കാനുമായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. അപേക്ഷ നിയമാനുസൃതം പരിഗണിക്കണമെന്ന് പൊലീസിനോട് നിർദേശിച്ചതോടൊപ്പം ആരെയും പ്രകോപിക്കാതെ മാർച്ച് സംഘടിപ്പിക്കാൻ ആർഎസ്എസിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ച് വിധി റദ്ദാക്കിക്കൊണ്ടായിരുന്നു ജസ്റ്റിസുമാരായ ആർ.മഹാദേവൻ, മുഹമ്മദ് ഷെഫീഖ് എന്നിവരുടെ ബഞ്ചിന്റെ ഉത്തരവ്.

ആശയപ്രകാശനത്തിനും സംഘടിക്കാനുമുള്ള ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾ നിഷേധിക്കും വിധം സർക്കാരുകൾ പെരുമാറരുതെന്നും കോടതി നിർദ്ദേശിച്ചിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിന് സംസ്ഥാന വ്യാപകമായി റൂട്ട് മാർച്ച് നടത്താനുള്ള ആർഎസ്എസിന്റെ തീരുമാനം ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് തടഞ്ഞിരുന്നു.

Top