സവര്‍ണ്ണ മേധാവിത്വം വാഴുന്ന തമിഴ്‌നാട്: ജാതി വെറിപൂണ്ട കോമരങ്ങള്‍ കാട്ടിക്കൂട്ടുന്നത് . . .

വിവിധ മേഖലകളില്‍ ഇന്ത്യ ലോകരാഷ്ട്രങ്ങള്‍ക്ക് ഇന്ന് മാതൃകയാണ്. ബഹിരാകാശ ആണവ മേഖലയില്‍ രാജ്യം ഇന്ന് കുതിച്ച് പായുകയാണ്. എന്നാല്‍ ലോകത്തിന് മുന്നില്‍ ഇന്ത്യക്ക് നാണം കെടേണ്ടി വരുന്നുണ്ടെങ്കില്‍ അത് ജാതി ഭ്രാന്ത് മൂത്ത് ജനങ്ങള്‍ കാട്ടിക്കൂട്ടുന്നത് കൊണ്ടായിരിക്കും.

ജാതിവെറി മൂലം സവര്‍ണര്‍ ശ്മശാനത്തിലേയ്ക്കുള്ള വഴി അടച്ചപ്പോള്‍ ദളിതനായ മധ്യവയസ്‌കന്റെ മൃതദേഹം സംസ്‌കരിക്കാനായി പാലത്തില്‍ നിന്ന് കയറില്‍ കെട്ടിയിറക്കിയ സംഭവം നാണക്കേടായി മാറിയിരിക്കുകയാണ്. പാലര്‍ നദിക്കരയിലെ ശമശാനത്തിലേയ്ക്കുള്ള വഴി സവര്‍ണര്‍ അടച്ചതിനെ തുടര്‍ന്നാണ് വാനിയമ്പാടിയിലെ ആടി ദ്രാവിഡര്‍ കോളനിയിലെ ദളിതര്‍ക്ക് മൃതദേഹം 20 അടിയോളം ഉയരമുള്ള പാലത്തില്‍ നിന്ന് കെട്ടിയിറക്കേണ്ടി വന്നത്.

സമൂഹമാധ്യമങ്ങളിലൂടെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. റോഡപകടത്തില്‍ കൊല്ലപ്പെട്ട 46-കാരനായ കുപ്പന്റെ മൃതദേഹമാണ് ഇത്തരത്തില്‍ പാലത്തിന് മുകളില്‍ നിന്ന് കയര്‍ കെട്ടിയിറക്കേണ്ടി വന്നത്. ഇതാദ്യമായല്ല മൃതദേഹം കെട്ടിയിറക്കേണ്ട ഗതികേട് വരുന്നതെന്നാണ് കോളനിക്കാര്‍ പറയുന്നത്.

കനത്ത മഴയെ തുടര്‍ന്ന് നാരായണപുരം ആടി ദ്രാവിഡര്‍ കോളനിയിലെ ശ്മശാനം അടിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മൃതദേഹം പലര്‍ നദിക്കരിയില്‍ സംസ്‌കരിക്കാനായി കൊണ്ടു വന്നത്. ഹിന്ദു വിഭാഗത്തിലെ വെല്ലല ഗൗണ്ടര്‍ വാണിയാര്‍ വിഭാഗത്തില്‍ പെട്ടവരുടെ ഭൂമിയിലൂടെ കടന്നു വേണം ഈ ശമശാനത്തിലെത്താന്‍.

സ്വകാര്യ വ്യക്തിയുടെ ഭൂമിയിലൂടെ മാത്രമേ ഇവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന ശ്മശാനത്തിലേക്ക് പോകാന്‍ സാധിക്കൂ എന്നിരിക്കെ, ദലിതരുടെ മൃതദേഹം തന്റെ കൃഷിഭൂമിയിലൂടെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ഉടമ തീര്‍ത്തുപറഞ്ഞതോടെയാണ് സമീപത്തെ പാലത്തില്‍നിന്ന് വലിയ കയറില്‍ കെട്ടി മൃതദേഹം താഴെയിറക്കിയത്.

ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ വഴിയില്ലാത്തതിനാല്‍ ഒടുവില്‍ പാലത്തിന്റെ ചുവട്ടിലാണ് സംസ്‌കരിച്ചത്. പ്രദേശത്ത് മുമ്പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ജാതി വെറിപൂണ്ട തമിഴ്‌നാട്ടില്‍ ഇതാദ്യമല്ല ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്. ജാതി ഭ്രാന്ത് മൂത്ത് സ്വന്തം മക്കളെ വരെ കൊലപ്പെുത്തുന്ന നാട്ടില്‍ ഇതൊക്കെ സാധാരണയാണ്.

തൂത്തുക്കുടി ജില്ലയില്‍ ജാതി മാറി വിവാഹം കഴിച്ച ദളിത് ദമ്പതികളെ വെട്ടിക്കൊന്ന സംഭവവും ഞെട്ടലോടെയാണ് നാം കേട്ടിരുന്നത്. തൂത്തുക്കുടി ജില്ലയില്‍ 2019 ജൂലൈയില്‍ നടന്ന ഈ സംഭവവും രാജ്യത്തിന് തന്നെ അപമാനമാണ്. കൊല്ലപ്പെട്ട ജ്യോതി ഗര്‍ഭിണിയായിരുന്നു. ചോരവാര്‍ന്ന നിലയില്‍ വീട്ടിനുള്ളിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.

ജാതി രാഷ്ട്രീയത്തില്‍ അടിയുറച്ച തമിഴ്‌നാട് അന്നും ഇന്നും ഒരുതരത്തില്‍ രാഷ്ട്രീയ കോമരങ്ങളുടെ വിളനിലമാണ്. സവര്‍ണ്ണര്‍ പരസ്യമായി തന്നെ ജാതി വെറി പ്രകടിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ദളിത് സ്ത്രീയെ സക്കൂളില്‍ പാചക്കാരിയായി നിയമിച്ചതിനെതിരേയും, ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

പാചകം ചെയ്യാനുള്ള പാത്രങ്ങള്‍ വലിച്ചെറിഞ്ഞും,ദളിത് യുവതിയാണ് പാചകം ചെയ്യുന്നതെന്നറിഞ്ഞ് കുട്ടികളെ സ്‌ക്കൂളിലേക്ക് അയക്കാന്‍ തയ്യാറാകാതിരുന്നുമാണ് ഇവര്‍ പ്രതിഷേധിച്ചിരുന്നത്. തികച്ചും നാണംകെട്ട പ്രവൃത്തികളാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്. എന്തിനേറെ ജാതി വ്യക്തമാക്കുന്ന തരത്തില്‍ പലനിറത്തിലുള്ള ബാന്‍ഡ് ധരിക്കാന്‍ വരെ നിര്‍ബന്ധിക്കുന്ന സ്‌ക്കൂളുകള്‍ ഉണ്ടെന്ന് ഈ അടുത്തയിടെയാണ് കണ്ടെത്തിയത്. സക്കൂളുകളിലെ ഉച്ചഭക്ഷണത്തിന്‌ താഴ്ന്ന ജാതിയിലുള്ള കുട്ടികള്‍ സ്വന്തമായി പാത്രം കൊണ്ടുവരണമെന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ആളുകള്‍ ഉണ്ട് എന്നത് തന്നെ വളരെ ദയനീയമായ കാര്യമാണ്.

വീട്ടുകാര്‍ ഏര്‍പ്പെടുത്തിയ വാടക ഗുണ്ടകള്‍ കൊലപ്പെടുത്തിയ ദലിത് യുവാവായ ശങ്കറിന്റെ കഥ ലോകത്തെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു. ഇപ്പോഴും ശങ്കറിന്റെ ഓര്‍മയില്‍ ജീവിതത്തോട് തോറ്റ് കൊടുക്കാതെ ജാതിയതയെ വെല്ലുവിളിച്ച് ജീവിക്കുന്ന കൗസല്യയെ പോലെയുള്ളവരാണ് ഈ കോമരങ്ങള്‍ക്കുള്ള ചുട്ട മറുപടി.

ജാതിവിവേചനത്തിനെതിരായ തമിഴകത്തിന്റെ പോരാട്ടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഇപ്പോഴും ജാതി വിവേചനം തുടരുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.1920കളുടെ ആരംഭത്തില്‍ത്തന്നെ, പെരിയാര്‍ രാമസ്വാമിയുടെ നേതൃത്വത്തില്‍ ജാതീയതയ്‌ക്കെതിരെ വലിയ സമരങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച നാട് കൂടിയാണ് തമിഴകം.

1922ല്‍, തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരിക്കെ തിരുപ്പൂരില്‍ നടന്ന കണ്‍വന്‍ഷനില്‍, താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് ക്ഷേത്രപ്രവേശന അധികാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പെരിയാര്‍ അവതരിപ്പിക്കുകയുണ്ടായി. പൗരോഹിത്യമേധാവിത്വം കൊടികുത്തി വാണിരുന്ന അന്നത്തെ തമിഴ്‌നാട് കോണ്‍ഗ്രസ് നേതൃനിരയ്ക്കുതന്നെ പ്രമേയത്തോട് എതിര്‍പ്പായിരുന്നു.

ജാതീയവിവേചനങ്ങള്‍ക്കെതിരായി, ശക്തമായ നിലപാടെടുക്കാന്‍ മടിച്ച കോണ്‍ഗ്രസില്‍നിന്ന് ഒടുവില്‍ പെരിയാര്‍ പിണങ്ങിപ്പോന്നതും പുതിയ രാഷ്ട്രീയ പാര്‍ടി രൂപീകരിച്ചതുമൊക്കെ ചരിത്രമാണ്.ജാതിയത തുടച്ചു നീക്കുന്നതിനെതിരെ ഒട്ടനവധിപ്പേര്‍ പോരാടിയിട്ടും,ഒരുപട് രക്തസാക്ഷികളുണ്ടായിട്ടും ഇന്നും അവിടെ തൊട്ടുകൂടായ്മ പോലും നിലനില്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

20 ജില്ലകളിലെ 646 ഗ്രാമങ്ങളില്‍ ഇപ്പോഴും തൊട്ടുകൂടായ്മ പോലുള്ള അനാചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ജാതിയുടെ അടിസ്ഥാനത്തില്‍ ഇവിടങ്ങളില്‍ ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുകയാണ്. തിരുവാരൂര്‍ ജില്ലയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. ദളിത് സംഘടനയായ സോഷ്യല്‍ അവയര്‍നെസ് സൊസൈറ്റി ഫോര്‍ യൂത്ത്‌സ് (എസ്എഎസ് വൈ) ആണ് വിവരാവകാശ നിയമ പ്രകാരം വിവരങ്ങള്‍ ആരാഞ്ഞത്. 2014-18 കാലഘട്ടത്തിലാണ് വിവരങ്ങള്‍ ആവശ്യപ്പെട്ടത്. ശിവഗംഗ( 49) രാമപുരം( 45) തേനി (40) കൂഡല്ലൂര്‍(38) കൃഷ്ണഗിരി(35) നാമക്കല്‍(35), തൂത്തുക്കുടി(34)വില്ലുപുരം(32) എന്നിങ്ങനെയാണ് തൊട്ടുകൂടായ്മ നിലനില്‍ക്കുന്ന ഗ്രാമങ്ങളുടെ കണക്ക്.

ദുരഭിമാനക്കൊലയും,തൊട്ടുകൂടായ്മയും,ഭ്രഷ്ടും തുടങ്ങിയ അനാചാരങ്ങളും അന്തവിശ്വാസങ്ങളും നിലനില്‍ക്കുന്ന തമിഴ്‌നാട്ടില്‍ നിന്ന് തന്നെയാണ് ഇവയ്‌ക്കൊക്കെയെതിരെ പോരാടാന്‍ പഠിപ്പിച്ച ഒരുപാട് നേതക്കള്‍ ഉണ്ടയായിട്ടുള്ളത് എന്നതും വിരോധാഭാസമാണ്.

ഇന്ത്യയില്‍ നിന്ന് എന്ത് തുടച്ചുനീക്കണമെന്ന് ജനനേതാക്കള്‍ വര്‍ഷങ്ങളായി പോരാടിക്കൊണ്ടിരിക്കുന്നുവോ അവയൊക്കെ തന്നെയാണ് അധികമായി ഇവിടെ നിന്നും റുപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും. ഈ കണക്കുകള്‍ തന്നെ ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുന്നതാണ്. മൃതദേഹത്തോട് പോലും അനാദരവ് കാട്ടുന്ന അത്രമേല്‍ ഇടുങ്ങിയ ചിന്തയുള്ള മനുഷ്യര്‍ തന്നെയാണ് ഈ നാടിന്റെ പ്രത്യേകിച്ച് തമിഴ് നാടിന്റെ അപമാനം.

ജാതിയതയിലൂന്നിയ രാഷ്ട്രീയ സംസ്‌ക്കാരമുള്ള തമിഴകത്ത്, സര്‍ക്കാര്‍ പോലും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. ദേശീയ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും ഇന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറുന്നുണ്ടെങ്കില്‍ അതിന് കാരണം ഭരിക്കുന്ന സര്‍ക്കാരും കൂടിയാണ്. അന്തരിച്ച മുഖ്യമന്ത്രിമാരായ ജയലളിതക്കും, കരുണാനിധിക്കുമപ്പുറം ഇന്നും കരുത്തുറ്റ ഒരു ജനനേതാവ് തമിഴ്‌നാട്ടില്‍ നിന്ന് ഉയര്‍ത്തിക്കാട്ടാന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ജാതിയത മുന്‍നിര്‍ത്തി അവിടെ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങള്‍ക്ക് ഇനിയെങ്കിലും ഒരറുതി വന്നില്ലെങ്കില്‍ തമിഴ്‌നാട് എന്ന സംസ്ഥാനം തന്നെ ഇന്ത്യക്ക് കളങ്കമായി തീരും.അതില്‍ സംശയമില്ല.

Jasmin Jamal

Top