തേനി കാട്ടുതീ ; കുരങ്ങിണി റെഞ്ച് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു

തേനി: തേനിയിലുണ്ടായ കാട്ടു തീയില്‍ 11 പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ കുരങ്ങിണി റേഞ്ച് ഓഫീസറെ സസ്‌പെന്‍ഷന്‍. റേഞ്ച് ഓഫീസര്‍ ജയ്‌സിംഗിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ട്രെക്കിംഗ് അനധികൃതമായിരുന്നെന്ന് തേനി എസ്.പി ഭാസ്‌കരന്‍ പ്രതികരിച്ചു. അനുമതിയില്ലാതെയാണ് ട്രെക്കിംഗ് സംഘം കൊളുത്തുമല വരെ എത്തിയതെന്നും എസ്.പി പറഞ്ഞു.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാസ് നല്‍കിയാണ് ചെന്നൈ ട്രെക്കിംഗ് ക്ലബ് അംഗങ്ങളെ കുരങ്ങണി മലയിലേക്ക് കയറ്റിവിട്ടതെന്ന് തമിഴ്‌നാട് പൊലീസിനോട് കാട്ടുതീയില്‍ പൊള്ളലേറ്റവര്‍ മൊഴി നല്‍കിയിരുന്നു.

സംഭവത്തില്‍ ട്രെക്കിങ് സംഘടിപ്പിച്ച ചെന്നൈ ആസ്ഥാനമായ ക്ലബിനെതിരെതിരെയാണ് അന്വേഷണം. സംഘത്തെ നയിച്ച ഗൈഡിനു പുറമെ ക്ലബിന്റെ സ്ഥാപകനായ വിദേശിയെയും പിടികൂടാനുള്ള നടപടികള്‍ തുടരുകയാണ്. ട്രെക്കിങ് സംഘം മൂന്നാര്‍ വഴി കൊളുക്കുമലയില്‍ എത്തിയത് അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

വനിതാ ദിനത്തോടനുബന്ധിച്ച് ചെന്നൈ ട്രെക്കിങ് ക്ലബാണ് 26 പേരടങ്ങുന്ന വനിതാ സംഘത്തെ കുരങ്ങിണിയിലെത്തിച്ചത്. ക്ലബിലെ അംഗമായ രാജേഷ് ഇവര്‍ക്ക് വഴികാട്ടി. ഇയാള്‍ക്കു പുറമെ ക്ലബിന്റെ സ്ഥാപകന്‍ പീറ്റര്‍ വാന്‍ ഗെയ്‌നെയും ചോദ്യം ചെയ്യാനാണു തീരുമാനം. അപകടത്തില്‍പ്പെട്ട 39 സഞ്ചാരികളില്‍ 12 പേര്‍ കുരങ്ങിണിയിലെത്തിയത് സൂര്യനെല്ലി വഴി കൊളുക്കുമല താണ്ടിയാണ്. നേരത്തെ നിരവധി സഞ്ചരികള്‍ക്കു പരുക്കേറ്റതിനാല്‍ ഇതുവഴിയുള്ള ട്രെക്കിങ് നിരോധിച്ചിരുന്നു. ഏതാനം മാസം മുമ്പാണ് ദുര്‍ഘടമായ ഈ പാത ട്രെക്കിങ്ങിനായി തുറന്നുകൊടുത്തത്.

Top