Tamil Nadu floods: Walayar less than 35 per cent of cargo

പാലക്കാട്: തമിഴ്‌നാട്ടില്‍ നിന്നും വാളയാര്‍ ചെക്ക് പോസ്റ്റ് പോസ്റ്റ് വഴിയുള്ള ചരക്ക് നീക്കത്തില്‍ 35 ശതമാനത്തിന്റെ കുറവ്. തമിഴ്‌നാട്ടിലെ പേമാരിയും ചെന്നൈയിലെ പ്രളയവും കേരളത്തിലേക്കുള്ള ചരക്കുനീക്കത്തെ സാരമായി തന്നെ ബാധിച്ചു.

ഈ വര്‍ഷം ഒക്ടോബര്‍ 28ന് വാളയാര്‍വഴി കേരളത്തിലേക്കെത്തിയത് 1,529 ചരക്കുലോറികളാണ്. നവംബര്‍ 28ന് ഇത് 1,124 ആയി. ഡിസംബര്‍ അഞ്ചിന് 1,058 ചരക്കുവണ്ടികളാണ് വാളയാര്‍വഴി കേരളത്തിലെത്തിയത്. നവംബറിനെ അപേക്ഷിച്ച് ഡിസംബറില്‍ പ്രതിദിനം ശരാശരി 200 ചരക്കുവാഹനങ്ങളുടെ കുറവാണ് വാളയാര്‍ ചെക്‌പോസ്റ്റില്‍ ഉണ്ടാകുന്നത്.

വാളയാറിലെ മുന്‍കൂര്‍നികുതി വരുമാനത്തിലും കുറവുണ്ടായി. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ ആറുവരെ വാളയാര്‍ വാണിജ്യനികുതി ചെക്‌പോസ്റ്റിലെ മുന്‍കൂര്‍നികുതി വരുമാനം 609.77 ലക്ഷമായിരുന്നു.

നവംബര്‍ 27 മുതല്‍ ഡിസംബര്‍ ആറുവരെ ഇത് 547.96 ലക്ഷമാണ്. നവംബര്‍ ആദ്യവാരം ഉള്‍പ്പെടുന്ന പത്തുദിവസത്തെ അപേക്ഷിച്ച് ഡിസംബര്‍ ആദ്യവാരം ഉള്‍പ്പെടുന്ന പത്തുദിവസത്തെ മുന്‍കൂര്‍നികുതി പിരിവില്‍ 61.71 ലക്ഷത്തിന്റെ കുറവാണുണ്ടായത്. എന്നാല്‍, നികുതിവെട്ടിപ്പ് കണ്ടെത്തി പിഴയീടാക്കുന്നതില്‍ കാര്യമായ കുറവുണ്ടായില്ല.

Top