Tamil Nadu Floods: 12,00 Disaster Response Force for helping victims

ചെന്നൈ: കനത്ത മഴയില്‍പ്പെട്ട ദുരിതബാധിതരെ സഹായിക്കാന്‍ 12,00 അംഗ ദുരന്തനിവാരണ സേനയെ തമിഴ്‌നാട്ടില്‍ വിന്യസിച്ചതായി കേന്ദ്രം അറിയിച്ചു. നാല്‍പത് അംഗങ്ങളുള്ള മുപ്പത് ടീമുകളെയാണ് വിന്യസിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ അടുത്ത നാല്‍പ്പത്തെട്ട് മണിക്കൂര്‍ നിര്‍ണ്ണായകമെന്ന് ദേശീയ ദുരന്തനിവാരണ സേന ഡയറക്ടര്‍ ജനറല്‍ ഒ.പി.സിങ് പറഞ്ഞു.

ചെന്നൈ നഗരം പൂര്‍ണ്ണമായി വെള്ളത്തിനടിയിലായി. നിരവധി ആള്‍ക്കാര്‍ ഇപ്പോഴും സഹായമഭ്യര്‍ത്ഥിച്ച് ദുരന്തനിവാരണ സേനയെ സമീപിക്കുന്നുണ്ട്. തെക്കന്‍ ചെന്നൈ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നത്.

വെള്ളപ്പൊക്കത്തെത്തുടര്‍ന്നു റെയില്‍-റോഡ്-വ്യോമ ഗതാഗതങ്ങള്‍ മുടങ്ങി. തീരദേശസേന, ദേശീയ ദുരന്തനിവാരണസേന, കരസേന, വ്യോമസേന, നാവികസേന എന്നിവ സംയുക്തമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്.

നഗരത്തെ ദുരിതത്തിലാഴ്ത്തിയപ്പോള്‍ സാമൂഹികമാധ്യമങ്ങളും രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം നിന്നു . #chennairains എന്ന ഹാഷ് ടാഗില്‍ സഹായങ്ങളും അഭ്യര്‍ഥനകളും പ്രവഹിച്ചു. ഫെയ്‌സ്ബുക്കിലും ട്വിറ്ററിലുമാണ് പ്രധാനമായും നഗരത്തിനെ പിന്തുണച്ച് കുറിപ്പുകള്‍ വന്നത്. ദേശീയ മാധ്യമങ്ങളടക്കം ഈ ഹാഷ് ടാഗില്‍ പോസ്റ്റ് ചെയ്തവ ഷെയര്‍ ചെയ്തു.

കനത്തമഴയും വെള്ളപ്പൊക്കവും മൂലം ദുരിതക്കയത്തിലായ തമിഴ്‌നാട്ടിലെ പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ചെന്നൈയിലേക്കു തിരിച്ചു.

Top