തന്റെ പേരിൽ പ്രചരിക്കുന്ന ശബ്ദരേഖ വ്യാജമെന്ന് ആവർത്തിച്ച് തമിഴ്നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ

ചെന്നൈ: തന്റെ പേരിൽ പ്രചരിക്കുന്ന ശബ്ദരേഖ വ്യാജമെന്ന് ആവർത്തിച്ച് തമിഴ്നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ. ഡിഎംകെയ്ക്ക് ഉള്ളിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന ബ്ലാക് മെയിൽ സംഘമാണ് വ്യാജ ശബ്ദരേഖയ്ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഉദയനിധി സ്റ്റാലിനും സ്റ്റാലിന്റെ മരുമകൻ ശബരീശനും അഴിമതി നടത്തിയതായി പറയുന്ന ശബ്ദരേഖയുടെ രണ്ടാം ഭാഗം അണ്ണാമലൈ ഇന്നലെ പുറത്തുവിട്ടിരുന്നു. ഇതിനിടെ ഡിഎംകെ നേതാക്കൾക്ക് ബിനാമി നിക്ഷേപമുണ്ടെന്ന് ബിജെപി ആരോപിക്കുന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഓഫീസുകളിൽ മൂന്നാം ദിവസവും ആദായനികുതി വകുപ്പിന്റെ പരിശോധന തുടരുകയാണ്.

സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരം ശബ്ദവും ദൃശ്യങ്ങളും ഉണ്ടാക്കിയതിന്റെ മുൻ ഉദാഹരണങ്ങളടക്കം കാട്ടിയാണ് മന്ത്രിയുടെ വിശദീകരണ വീഡിയോ. സ്റ്റാലിന്റെ മകനും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിനും മരുമകൻ ശബരീശനും അഴിമതിക്കാരെന്ന് ആരോപിക്കുന്ന 57 സെക്കൻഡ് ശബ്ദരേഖയാണ് അണ്ണാമലൈ ഇന്നലെ പുറത്തുവിട്ടത്. ശബ്ദം പളനിവേൽ ത്യാഗരാജന്റേത് ആണെന്നാണ് ആരോപണം. സ്റ്റാലിൻ കുടുംബത്തിനെതിരെ അണ്ണാമലൈ അഴിമതി ആരോപണങ്ങളുന്നയിച്ച് ഡിഎംകെ ഫയൽസ് എന്ന പേരിൽ രേഖകൾ പുറത്തുവിട്ടതിന് പിന്നാലെയാണ് തമിഴ്നാട് രാഷ്ട്രീയം ഒരിടവേളയ്ക്ക് ശേഷം കലങ്ങിമറിഞ്ഞത്. ധനമന്ത്രി പളനിവേൽ ത്യാഗരാജന്റേത് എന്നാരോപിക്കുന്ന ശബ്ദരേഖ ഘട്ടം ഘട്ടമായി പുറത്തുവിടുന്നതിലൂടെ ബിജെപി സംസ്ഥാന അധ്യക്ഷൻ ലക്ഷ്യം വയ്ക്കുന്നത് സ്റ്റാലിൻ കുടുംബത്തെ തന്നെ. മുപ്പതിനായിരം കോടി രൂപ വരെയാണ് പോയ വർഷം അഴിമതിപ്പണമായി ഉണ്ടാക്കിയതെന്നാണ് ആദ്യ ശബ്ദരേഖയിൽ കേൾക്കുന്നത്. ബിജെപിയുടെ സംഘടനാ സംവിധാനത്തെപ്പറ്റി മതിപ്പോടെ സംസാരിക്കുന്നതായി രണ്ടാം ശബ്ദരേഖയിൽ കേൾക്കാം. ഇതോടെയാണ് പളനിവേൽ ത്യാഗരാജൻ ശബ്ദം തന്റേതല്ലെന്ന വീഡിയോ വിശദീകരണവുമായി എത്തിയത്.

ഇതിനിടെ തമിഴ്നാട്ടിൽ വിവിധ ഇടങ്ങളിൽ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധന മൂന്നാം ദിവസം തുടരുകയാണ്. പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ജി സ്ക്വയർ റിലേഷൻസിന്റെ വിവിധ ഓഫീസുകളിലും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ വിശ്വസ്തനായ അണ്ണാ നഗർ എംഎൽഎ എം.കെ.മോഹന്റെ വീട്ടിലുമാണ് പരിശോധന. ജി സ്ക്വയർ റിലേഷൻസിൽ സ്റ്റാലിൻ കുടുംബത്തിനും ഉന്നത ഡിഎംകെ നേതാക്കൾക്കും ബിനാമി നിക്ഷേപമുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. പരിശോധന സംബന്ധിച്ച ഡിഎംകെ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. റെയ്ഡിന് ശേഷം കേസ് ചാർജ് ചെയ്താൽ പ്രതികരിക്കാമെന്നാണ് കഴിഞ്ഞ ദിവസം ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്.

Top