മോദിയെ വിറപ്പിച്ച തമിഴക കർഷകരെ ‘മെരുക്കാൻ’ ബി.ജെ.പി ശ്രമം തുടങ്ങി

മോദിക്കെതിരായ കര്‍ഷക രോഷത്തെ പേടിച്ച് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ 100 ലേറെ കര്‍ഷകര്‍ തയ്യാറായ പശ്ചാത്തലത്തിലാണ് ബി.ജെ.പി നേതൃത്വത്തില്‍ ആശങ്ക പടരുന്നത്. തമിഴകത്ത് നിന്നുള്ള കര്‍ഷകരാണ് ആദ്യമായി ഇത്തരമൊരു തിരഞ്ഞെടുപ്പ് സമരം പ്രഖ്യാപിച്ചതെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഈ സമര രീതീ കര്‍ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

പ്രഖ്യാപിച്ചതിലും കൂടുതല്‍ കര്‍ഷകര്‍ മത്സര രംഗത്തുണ്ടാകുമെന്നും വാരണാസിയില്‍ കര്‍ഷക റാലി നടത്തുമെന്നുമാണ് വിവിധ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരണം കടപുഴകി വീഴാന്‍ തന്നെ കാരണം കര്‍ഷക സമരമായതിനാല്‍ ഈ നീക്കം ബി.ജെ.പിയെയും മോദിയെയും പ്രതിരോധത്തിലാക്കാനാണ് സാധ്യത.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെരഞ്ഞെടുപ്പ് യുദ്ധത്തില്‍ വാരണാസിയില്‍ മത്സരിക്കാന്‍ 100ലേറെ കര്‍ഷകരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. രാജ്യത്തെ കര്‍ഷകര്‍ നഗ്നപാദരായി കിലോമീറ്ററുകളോളം സഞ്ചരിച്ച് പോരാടിയിട്ടും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കൂടിയാണ് വാരണാസിയില്‍ മറുപടി ചോദിക്കാന്‍ കര്‍ഷകര്‍ എത്തുന്നത്. കര്‍ഷകരുട ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാതെ, അര്‍ഹമായ പരിഗണന ലഭിക്കാതെ നിരവധി കര്‍ഷകരാണ് ഇതിനകം തന്നെ ആത്മഹത്യ ചെയ്തിരിക്കുന്നത്.

കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തെരഞ്ഞെടപ്പില്‍ ദേശീയ തലത്തില്‍ ഉയര്‍ത്തികൊണ്ടുവരുന്നതിനായാണ് ഇത്തരമൊരു നീക്കമെന്നാണ് തമിഴ്‌നാട്ടിലെ കര്‍ഷക സംഘടനാ നേതാവ് പി. അയ്യാകണ്ണ് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരണാസിയിലും വഡോധരയില്‍ നിന്നും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച മോദിയുട പിന്‍ബലത്തില്‍ യുപിയുടെ ഹൃദയ ഭൂമിയായ വാരണാസി കീഴടക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. പക്ഷെ ആ കണക്ക് കൂട്ടലുകള്‍ ഇത്തവണ തെറ്റിക്കാനാണ് കര്‍ശകരുടെ നീക്കം.

തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ വാരണാസിയില്‍ മത്സരിച്ചാല്‍ മോദിക്ക് ഒന്നും സംഭവിക്കില്ല എന്ന ധാരണ തെറ്റിക്കുന്നതാണ് മറ്റിടങ്ങളില്‍ നിന്നും ലഭിക്കുന്ന കര്‍ഷക പിന്തുണ.കര്‍ഷക വികാരം അണപൊട്ടിയൊഴുകുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നു പോലും ഈ ചരിത്രപരമായ തീരുമാനത്തിന് പിന്തുണയുണ്ടാകും എന്നാണ് കര്‍ഷക സംഘടനാ നേതാക്കള്‍ കരുതുന്നത്. ബിജെപി എന്ന രാജ്യം ഭരിക്കുന്ന വലിയ പാര്‍ട്ടിക്ക് നാണക്കേട് കൂടിയാണ് ഈ തീരുമാനം ഉണ്ടാക്കുക.

തിരുവണ്ണാമലൈ,തിരുച്ചിറപ്പള്ളി, എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ വാരണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചാല്‍ അത് മോദിക്ക് വലിയ തിരിച്ചടി കൂടിയാകും. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബിജെപി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്നതാണ് കര്‍ഷകരുടെ ഡിമാന്റ്. ഇതിന് ബിജെപി തയ്യാറായില്ലെങ്കില്‍ വാരണാസില്‍ പോരാടാനിറങ്ങാന്‍ തന്നെയാണ് കര്‍ഷകരുടെ ഉറച്ച തീരുമാനം. കോടികള്‍ പൊടിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചരണ റാലികളും, സമ്മേളനങ്ങളും ഒന്നും ഇനി ഒരു പക്ഷെ കര്‍ഷകരുടെ വികാരങ്ങള്‍ക്ക് മുന്നില്‍ വിലപോയെന്ന് വരില്ല.

രണ്ട് എംപിമാരുമായി പാര്‍ലമന്റിന്റെ മൂലക്കൊതുങ്ങിയ പാര്‍ട്ടി രാജ്യ ഭരണം നടത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോള്‍ സാധാരണക്കരന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മറന്നുപോയതോ …അതോ കണ്ടില്ലെന്ന് നടിക്കുന്നതോ… ? രാജ്യത്തിന്റെ നട്ടെല്ലായി പ്രവൃത്തിക്കുന്ന കര്‍ഷകര്‍രെ ഇനിയും തഴഞ്ഞാല്‍ അതിന് വലിയ വിലയാണ് നല്‍കേണ്ടി വരിക.

തമിഴക കര്‍ഷകര്‍ ഡല്‍ഹിയില്‍ 100 ദിവസം നടത്തിയ വ്യത്യസ്തമായ പോരാട്ടം ലോകം കണ്ടതാണ്. ഒരു വര്‍ഷത്തിനിപ്പുറം വീണ്ടും ചരിത്രപരമായ നീക്കത്തിലുപരി നിലനില്‍പ്പിനുള്ള പോരട്ടം കൂടിയാവുകയാണ് വാരണസായിലേത്.അതേസമയം, കാര്യങ്ങള്‍ കര്‍ഷകര്‍ തീരുമാനിച്ചത് പോലെ നടന്നാല്‍ , കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിനെതിരെ മൃഗീയ ഭുരിപക്ഷം നേടിയ മോദിക്ക് ഇത്തവണ അഗ്നിപരീക്ഷണമാകും.

അഞ്ച് വര്‍ഷത്തെ ഭരണം കൊണ്ട് രാജ്യത്തെ കര്‍ഷക പ്രശ്നം പോലും പരിഹരിക്കപ്പെടാതെ ബിജെപി സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയ ഒട്ടനവധി കാര്യങ്ങള്‍ രാജ്യത്തുണ്ട്. 3,000 കോടി മുതല്‍ മുടക്കി നിര്‍മ്മിച്ച പട്ടേല്‍ പ്രതിമ ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ രാജ്യ പുരോഗതിയും പ്രൗഢിയും വിളിച്ചോതുമ്പോള്‍ അവയുടെയൊക്കെ നേര്‍ പകുതി തുക പോലും വേണ്ടായിരുന്നു കര്‍ഷക ആത്മഹത്യ ഇല്ലാതാക്കാന്‍. രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്ന് തന്നെ തമിഴകത്തിന്റെ പോരാട്ട വീര്യമുള്ള കര്‍ഷകര്‍ ജനവിധി തേടുകയാണെങ്കില്‍ ബിജെപിയുടെ കാവി രാഷ്ട്രീയത്തിന് ദേശീയ തലത്തില്‍ ഏല്‍ക്കുന്ന വന്‍ പ്രഹരമായിരിക്കും അത്.

Top