മഹാരാഷ്ട്രയ്ക്ക് പിന്നാലെ തമിഴ്‌നാടും ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി

ചെന്നൈ: മഹാരാഷ്ട്രയ്ക്ക് പിന്നാലെ തമിഴ്‌നാടും ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി. കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. മൂന്നാംഘട്ട ലോക്ക്ഡൗൺ ഇന്ന് അവസാനിക്കാനിരിക്കെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്.

തമിഴ്നാട്ടിൽ 37 ജില്ലകളിൽ 12ഉം അതിതീവ്ര കോവിഡ് വ്യാപനം പ്രദേശങ്ങളാണ്. ഈ 12 ജില്ലകളിലും മൂന്നാംഘട്ടത്തിൽ എങ്ങനെ ആയിരുന്നുവോ ലോക്ക്ഡൗൺ നടപ്പാക്കിയിരുന്നത് അങ്ങനെ തന്നെ നടപ്പാക്കും. അതിതീവ്ര ബാധിതമായ 12 ജില്ലകളിലേക്ക് പോകുന്നതിന് പാസ് വേണം.

മറ്റ് 25 ജില്ലകളിൽ ഇളവുകളോടെ ലോക്ക്ഡൗൺ നടപ്പാക്കും. ജില്ലയ്ക്കകത്ത് സഞ്ചരിക്കുന്നതിന് പാസ് വേണ്ട തുടങ്ങിയ ഇളവുകളാകും ഇവിടെ ലഭിക്കുക.

സംസ്ഥാനത്ത് പൊതുഗതാഗതം ഉണ്ടാകില്ല. നഗര പ്രദേശങ്ങളിലേത് ഉൾപ്പെടെയുള്ള വ്യാപാരശാലകൾക്ക് അമ്പതുശതമാനം ജീവനക്കാരെ വെച്ച് പ്രവർത്തിപ്പിക്കാമെന്ന ഇളവും നൽകിയിട്ടുണ്ട്.

Top