Tamil Nadu, EC defers polling for Aravakurichi constituency to 23 May

ചെന്നൈ: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും വന്‍ തോതില്‍ പണം കൊടുക്കുന്നുവെന്ന് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ അരവാകുറിച്ചി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ആര്‍വാകുറിച്ചി മണ്ഡലത്തില്‍ മെയ് 23 നായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ അരവാകുറിച്ചിയില്‍ ലംഘിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. നിരവധി സ്ഥലങ്ങളില്‍ നിന്നും അനധികൃതമായി പണം കണ്ടെത്തിയിട്ടുണ്ട്. പാര്‍ട്ടി നേതാക്കളുടെയും സ്ഥാനാര്‍ത്ഥികളുടെയും വീടികളിലും മറ്റ് ഒഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നുണ്ട്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കാണിച്ച് മുഖ്യമന്ത്രി ജയലളിതയ്ക്കും ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്കു മുമ്പ് വിശദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവടങ്ങളില്‍ നാളെ തെരഞ്ഞെടുപ്പ് നടക്കുകയാണ്. മെയ് 19നാണ് ഫലപ്രഖ്യാപനം. രാജ്യത്ത് ഇതാദ്യമായാണ് അനധികൃത പണം കണ്ടെത്തിയെന്നു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നത്.

Top