തമിഴ്നാട്ടില്‍ പൗരത്വ നിയമഭേഗതി പ്രതിഷേധക്കാര്‍ക്കെതിരെയുള്ള കേസുകൾ റദ്ദാക്കി

ചെന്നൈ: തമിഴ്നാട്ടില്‍ പൗരത്വ നിയമഭേഗതി പ്രതിഷേധക്കാര്‍ക്കെതിരെയുള്ള മുഴുവന്‍ കേസുകളും റദ്ദാക്കി. സഖ്യകക്ഷിയായ ബിജെപിയുടെ കടുത്ത എതിര്‍പ്പിനിടെയാണ് 1500 ലധികം കേസുകൾ തമിഴ്നാട് സര്‍ക്കാര്‍ റദ്ദാക്കിയത്. രാജ്യവ്യാപക പ്രതിഷേധം ശക്തമായപ്പോഴും പൗരത്വനിയമഭേഗതിയെ പിന്തുണച്ചിരുന്ന അണ്ണാഡിഎംകെയാണ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

പൗരത്വ നിയമഭേദഗതി സമരത്തിന് നേതൃത്വം നല്‍കിയ മുസ്ലീം സംഘടന നേതാക്കള്‍ക്കെതിരെ ചുമത്തിയ കേസുകളും റദ്ദാക്കിയിട്ടുണ്ട്. ന്യൂനപക്ഷ സമൂഹത്തിന്‍റെ ആശങ്ക സര്‍ക്കാര്‍ കണക്കിലെടുക്കുന്നുവെന്ന് വിശേഷിപ്പിച്ചാണ് തമിഴ്നാട് സര്‍ക്കാരിന്‍റെ നടപടി. നിയമഭേഗതിക്ക് എതിരെ പ്രമേയം പാസാക്കാനാണ് സര്‍ക്കാര്‍ തയാറാകേണ്ടത് എന്ന് ഡിഎംകെ പറഞ്ഞു. നേരത്തെ കേരളത്തിന്‍റെ മാതൃകയില്‍ തമിഴ്നാട് നിയമസഭയിലും പ്രമേയം പാസാക്കണമെന്ന പ്രതിപക്ഷ ആവശ്യം അണ്ണാഡിഎംകെ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. പലതവണ ഡിഎംകെ സഭ ബിഹിഷ്കരിച്ചു. മുസ്ലീം സംഘടനകള്‍ സഭയിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു.

Top