ചെന്നൈ: തമിഴ്നാട്ടില്‍ തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ഒറ്റ ദിവസം കൊണ്ട് കോവിഡ് ബാധിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇതോടെ തമിഴ്നാട്ടിലെ ആകെ രോഗികള്‍ 38,716 ആയി ഉയര്‍ന്നു. അതേസമയം, കോവിഡ് ഹോട്സ്പോട്ടായി തുടരുന്ന ചെന്നൈയില്‍ ഇന്നലെ 1,406 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
23 പേര് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചപ്പോള്‍ 1,372 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടു. സംസ്ഥാനത്ത് ആകെ കോവിഡ് മരണങ്ങള് 349 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 20,705. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതില്‍ 19 മരണങ്ങളും ചെന്നൈയിലാണ്. ഇതോടെ, നഗരത്തില്‍ മാത്രം 279 കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്.
അതേസമയം, ചെന്നൈയിലുള്‍പ്പെടെ സംസ്ഥാനത്ത് ഒരിടത്തും കോവിഡ് സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി പറഞ്ഞു. ജനസാന്ദ്രത കൂടിയതിനാലാണ് ചെന്നൈയില്‍ രോഗ വ്യാപനം തീവ്രമാകുന്നത്. കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ആവശ്യത്തിനു സൗകര്യങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് റേഷന്‍ കാര്ഡുള്ളവര്ക്കായി 13.48 കോടി സൗജന്യ മാസ്കുകള്‍ നല്കാന് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. പുനരുപയോഗിക്കാവുന്ന 2 തുണി മാസ്കുകളാണ് ഓരോരുത്തര്‍ക്കും നല്കാന് തീരുമാനിച്ചിരിക്കുന്നത്. പൊതു വിതരണ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 7 കോടിയോളം കുടുംബങ്ങളിലായി 2.08 കോടി റേഷന്‍ കാര്‍ഡുകാരാണ് സംസ്ഥാനത്തുള്ളത്. മാസ്ക് വിതരണവുമായി ബന്ധപ്പെട്ട് റവന്യു അഡ്മിനിസ്ട്രേഷന് കമ്മിഷണര്‍ ജെ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഏഴംഗ സമിതിയെ നിയോഗിച്ചു കഴിഞ്ഞു. തുടര്‍ന്ന് മാസ്കുകളുടെ സംഭരണവും വില നിര്‍ണയവും ഈ സമിതി നിശ്ചയിക്കും.