സാങ്കേതിക തകരാര്‍ പരിഹരിച്ചു; ഇതര സംസ്ഥാനക്കാരെ ഉടന്‍ തിരികെ അയക്കുമെന്ന് തമിഴ്‌നാട്

ചെന്നൈ: മറ്റ് സംസ്ഥാനങ്ങളിലേക്ക് മടങ്ങേണ്ടവരെ ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചയയ്ക്കുമെന്നും വെബ്‌സൈറ്റിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചതായും തമിഴ്‌നാട് മുഖ്യമന്ത്രി. ഇതര സംസ്ഥാനക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി തമിഴ്‌നാട് സര്‍ക്കാരിന്റെ പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അപേക്ഷിക്കുന്നവര്‍ക്ക് ഡിജിറ്റല്‍ പാസ് നല്‍കുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങള്‍ യാത്രാപാസ് നിഷേധിച്ചതോടെ നിരവധി പേരാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും മണിക്കൂറുകളോളം ചെക്‌പോസ്റ്റില്‍ കുടുങ്ങിയത്. നോര്‍ക്ക വഴി കേരളം പാസ് നല്‍കിയെങ്കിലും അയല്‍ സംസ്ഥാനങ്ങള്‍ യാത്രാനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ആളുകള്‍ പാതി വഴിയില്‍ കുടുങ്ങിയത്. സ്ത്രീകളും കുട്ടികളുമടക്കം അന്‍പതോളം പേരെ കളിയാക്കാവിളയില്‍ തമിഴ്‌നാട് പൊലീസ് തടയുകയായിരുന്നു. പാസില്ലാതെ വിടില്ലെന്ന് പൊലീസ് കടുംപിടുത്തം പിടിക്കുകയായിരുന്നു. എന്നാല്‍ അപേക്ഷ നല്‍കേണ്ട വെബ്‌സൈറ്റ് പണിമുടക്കിയതോടെ മണിക്കൂറുകള്‍ക്ക് ശേഷം ഇവരെ കടത്തിവിടാന്‍ തീരുമാനിക്കുകയായിരുന്നു.

കര്‍ണ്ണാടക ഷിരൂര്‍ ചെക്‌പോസ്റ്റില്‍ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ നിന്നത്തിയ നാല്‍പതംഗ സംഘത്തെയാണ് തടഞ്ഞത്. കര്‍ണാടക പൊലീസ് കേരള അതിര്‍ത്തി വരെ ഇവരെ അനുഗമിക്കാന്‍ തീരുമാനിച്ചതോടെ നാല് മണിക്കൂറിന് ശേഷമാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്. കുടുങ്ങിയവരെ തീവണ്ടികളില്‍ എത്തിക്കാന്‍ കേന്ദ്രാനുമതി കാത്തിരിക്കുകയാണ് സര്‍ക്കാര്‍.

Top