മഴയും വെള്ളക്കെട്ടും വകവെക്കാതെ കളം നിറഞ്ഞ് സ്റ്റാലിന്‍; അനുഗ്രഹം തേടി നവദമ്പതികളും

ചെന്നൈ: കനത്ത മഴ വകവെക്കാതെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സഹമന്ത്രിമാരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടരുകയാണ്. മഴക്കെടുതി നാശം വിതച്ച പ്രദേശങ്ങളില്‍ സ്റ്റാലിനും സംഘവും നേരിട്ടാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

ആദ്യഘട്ടത്തില്‍ ചെന്നൈ ഹാര്‍ബര്‍ അസംബ്ലി നിയോജക മണ്ഡലത്തിന് കീഴിലുള്ള കല്യാണപുരത്ത് മഴക്കെടുതിയില്‍ നാശം വിതച്ച പ്രദേശങ്ങള്‍ സ്റ്റാലിന്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് അദ്ദേഹം പൊതുജനങ്ങളെ കാണുകയും അവരുടെ പരാതികള്‍ കേള്‍ക്കുകയും ചെയ്തു.

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് അരിയും പാലും പുതപ്പും ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികളും അദ്ദേഹം വിതരണം ചെയ്തു. തുടര്‍ന്നു വേളാച്ചേരി, പുരുഷവാക്കം, സൈദാപ്പേട്ട്, വില്ലിവാക്കം മേഖലകളിലും സന്ദര്‍ശനം നടത്തി.

തുടര്‍ന്നു മെഡിക്കല്‍ ക്യാംപുകള്‍ സന്ദര്‍ശിച്ചു. ആര്‍കെ നഗര്‍, പെരമ്പൂര്‍ മേഖലകളും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മന്ത്രിമാരായ കെ.എന്‍.നെഹ്‌റു, പി.കെ.ശേഖര്‍ ബാബു തുടങ്ങിയവരും സ്റ്റാലിനൊപ്പമുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് എടപ്പാടി കെ.പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാഡിഎംകെ സംഘവും ഇന്നലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങി.

അതേസമയം, മഹാകവി കണ്ണദാസന്‍ നഗറില്‍ ദുരിതാശ്വാസ മേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനെത്തിയ സ്റ്റാലിന്റെ അനുഗ്രഹം തേടി ദമ്പതികളെത്തി. പെരമ്പൂര്‍ സ്വദേശികളായ ഗൗരി ശങ്കര്‍ – മഹാലക്ഷ്മി എന്നിവരാണു സ്റ്റാലിന്റെ അനുഗ്രഹം തേടിയെത്തിയത്. മഴക്കോട്ടു ധരിച്ചു നിന്ന സ്റ്റാലിന്റെ കാല്‍തൊട്ടു വന്ദിച്ചു. സ്റ്റാലിന്‍ ദമ്പതികള്‍ക്ക് വിവാഹ സമ്മാനവും നല്‍കി.

Top