പബ്ലിക് ബസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി; അമ്പരന്ന് യാത്രക്കാര്‍

ചെന്നൈ: ചെന്നൈയില്‍ സര്‍ക്കാര്‍ ബസില്‍ അപ്രതീക്ഷിത മിന്നല്‍ സന്ദര്‍ശനം നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഇന്നലെയാണ് യാത്രക്കാരുടെ ക്ഷേമം തിരക്കാനായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ബസില്‍ കയറി യാത്ര ചെയ്തത്.

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. സംസ്ഥാന സര്‍ക്കാരിന്റെ ഈ സൗജന്യ യാത്രാ പദ്ധതിയോടുള്ള ജനങ്ങളുടെ പ്രതികരണം തേടുകയായിരുന്നു മുഖ്യമന്ത്രിയുടെ യാത്രയുടെ ലക്ഷ്യം.

മെഗാ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ചില വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകവെയാണ് സ്റ്റാലിന്‍ കണ്ണഗി നഗറില്‍ നിന്ന് ബസ്സില്‍ കയറിയത്. ഡിഎംകെ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ പ്രഖ്യാപിച്ച സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ച് സ്ത്രീകളോട് മുഖ്യമന്ത്രി സംസാരിക്കുകയും ബസ്സിലെ സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തതായി സംസ്ഥാന സര്‍ക്കാരിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു .

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വിഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്. വിഡിയോയില്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വന്ന് നില്‍ക്കുന്നതും, റോഡ് മുറിച്ചുകടന്ന് മുഖ്യമന്ത്രി ബസില്‍ കയറുന്നതും കാണാം.

Top