പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് കണ്ണും കയ്യുമായി സ്റ്റാലിന്‍, കയ്യടിച്ച് സോഷ്യല്‍ മീഡിയ

ചെന്നൈ: പ്രളയ രക്ഷാപ്രവര്‍ത്തന രംഗത്ത് എല്ലാ ദിവസവും സജീവമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും സംഘവും. മെഡിക്കല്‍ ക്യാംപുകളും ദുരിതാശ്വാസ കേന്ദ്രങ്ങളും ക്യാംപുകളും സന്ദര്‍ശിച്ച അദ്ദേഹം അവശ്യവസ്തുക്കളും വിതരണം ചെയ്തു.

വില്ലിവാക്കം, മധുരവയല്‍, വിരുഗമ്പാക്കം നിയോജക മണ്ഡലങ്ങളുടെ പരിധിയിലുള്ള പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചു. തുടര്‍ന്നു ചെന്നൈ കൊളത്തൂരില്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കു ഭക്ഷണവും ദുരിതാശ്വാസ സഹായവും വിതരണം ചെയ്തു.

മഴക്കാലം കഴിയുന്നതുവരെ ദുരിതബാധിതര്‍ക്ക് അമ്മ ഉണവകങ്ങളില്‍ നിന്ന് സൗജന്യമായി ഭക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി. കോര്‍പറേഷന്റെ നേതൃത്വത്തില്‍ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരങ്ങളിലും ദുരിതാശ്വാസ ക്യാംപുകളില്‍ ഭക്ഷണമെത്തിച്ചു നല്‍കും.

പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ ആഹാരം ലഭ്യമാക്കാനായി അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിത ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു അമ്മ ഉണവകങ്ങള്‍. വളരെ പെട്ടെന്ന് ജനങ്ങളുടെ ഇടയില്‍ പ്രചാരം നേടാന്‍ പദ്ധതിക്കു കഴിഞ്ഞിരുന്നു. ഇഡ്ഡലി, പൊങ്കല്‍, സാമ്പാര്‍സാദം, തൈര് സാദം, ലെമണ്‍ റൈസ്, ചപ്പാത്തി തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്.

Top