പിണറായിയും സ്റ്റാലിനും വൈക്കത്തെത്തും, സത്യ​ഗ്ര​ഹശതാബ്‌‍ദി ഉദ്‌ഘാടനം ഇന്ന്

കോട്ടയം. വൈക്കം സത്യഗ്രഹത്തെ അനുസ്മരിച്ച് സംസ്ഥാനത്തുടനീളം സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കം. വൈക്കം ബീച്ച് മൈതാനിയിലെ വേദിയിൽ വൈകുന്നേരം 3.30ന് നടക്കുന്ന ചടങ്ങിൽ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ചേർന്ന് സർക്കാരിന്റെ 603 ദിവസം നീണ്ടു നിൽക്കുന്ന ശതാബ്‌ദി ആഘോഷ പരിപാടികൾക്ക് തിരിതെളിയിക്കും.

ഉദ്‌ഘാടന ചടങ്ങിൽ മന്ത്രി വിഎൻ വാസവൻ അധ്യക്ഷത വഹിക്കും. ശതാബ്‌ദി ലോ​ഗോ സികെ ആശയ്‌ക്ക് നൽകി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ പ്രകാശനം ചെയ്യും. വൈക്കം സത്യ​ഗ്രഹ കൈപ്പുസ്‌തകം തോമസ് ചാഴിക്കാടന് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. ശതാബ്‌ദി ആഘോഷ രൂപരേഖ ചീഫ് സെക്രട്ടറി ഡോ. വിപി ജോയ്‌ അവതരിപ്പിക്കും. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും എംപിമാരും സാമുദായിക നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.

ആഘോഷ ഉദ്‌ഘാടന ചടങ്ങിൽ ഒരുലക്ഷം ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കുന്നതിന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇന്ന് രാവിലെ 10 മണിക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തും.

Top