അകമ്പടി വാഹനങ്ങളുടെ എണ്ണം പകുതിയാക്കി; ഗതാഗതം നിര്‍ത്തിവെക്കില്ല, വീണ്ടും സ്റ്റാലിന്‍

ചെന്നൈ: വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം കുറക്കാന്‍ നിര്‍ദേശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. അസൗകര്യവും ട്രാഫിക് നിയന്ത്രണങ്ങള്‍മൂലവും ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും കണക്കിലെടുത്താണ് വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം 12ല്‍ നിന്ന് ആറായി കുറയ്ക്കുന്നത്.

മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുന്നിലും പിറകിലുമായി രണ്ട് പൈലറ്റ് വാഹനങ്ങള്‍, മൂന്ന് അകമ്പടി വാഹനങ്ങള്‍, ഒരു ജാമര്‍ വാഹനം എന്നിവയാണ് ഇനി മുതല്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഉണ്ടാകുക. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാനായി ഇനി മുതല്‍ ഗതാഗതം നിര്‍ത്തിവെക്കില്ല. വാഹനവ്യൂഹം മൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു.

തമിഴ്‌നാട് ചീഫ് സെക്രട്ടറി വി.ഇരൈയന്‍മ്പ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം. പൊതുജനങ്ങളുടെ വാഹനഗതാഗതത്തെ ബാധിക്കാതെ തന്നെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യവും ചര്‍ച്ചയായി. നേരത്തെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി ഗതാഗതം തടസപ്പടുത്തരുതെന്ന് സ്റ്റാലിന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ ഇത് പൊലീസ് കര്‍ശനമായി പാലിച്ചിരുന്നില്ല.

 

 

Top