ചെന്നൈ: ആഴ്ചകളായി ആശുപത്രിയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് റിപ്പോര്‍ട്ട്.
പനിയും നിര്‍ജലികരണവും മൂലം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉള്ളതായി എഐഎഡിഎംകെ വക്താവ് പന്റുട്ടി എസ്. രാമചന്ദ്രന് അറിയിച്ചു. ജയലളിത സാധാരണ ജീവിതത്തിലേക്കു മടങ്ങിവരുന്നതായും പൊതു പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കുമെന്നും രാമചന്ദ്രന് അറിയിച്ചു.
ജയലളിത സാധാരണ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതായും അവരുടെ ആരോഗ്യനില മെച്ചപ്പെട്ടിരിക്കുന്നതായും ഡോക്ടര്‍മാരും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം നിര്‍ണായകമായ തിരഞ്ഞെടുപ്പ് രേഖയില്‍ ഒപ്പിന് പകരം വിരലടയാളം പതിപ്പിച്ചത് ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് കൂടുതല്‍ ആശങ്കകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
അടുത്തമാസം 19ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുവരംഗുന്ദ്രം നിയമസഭാ മണ്ഡലത്തിലെ അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി എ കെ ബോസിനു വേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ജയലളിത ഒപ്പിടുന്നതിനു പകരം ഇടത് കൈ പെരുവിരലിന്റെ മുദ്ര പതിപ്പിച്ചത്.
ശ്വസനം എളുപ്പമാക്കുന്നതിന് വേണ്ടി ശ്വാസനാളിയില്‍ ട്യൂബിടുന്ന ട്രാക്കസ്റ്റോമി എന്ന ശസ്ത്രക്രിയക്ക് ജയലളിത വിധേയമായിട്ടുണ്ടെന്നും വലതുകൈ നീരുവന്ന് വീര്‍ത്ത സ്ഥിതിയിലായതിനാലാണ് ഇടതുകൈ പെരുവിരല്‍ മുദ്രപതിച്ചതെന്നും മദ്രാസ് മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം പ്രഫസര്‍ ഡോ. പി ബാലാജി സാക്ഷ്യപ്പെടുത്തിയിരുന്നു.
ഒപ്പിടാന്‍ കഴിയാത്ത മാനസികവും ശാരീരികവുമായ സ്ഥിതിയിലാണോ ജയലളിത എന്ന ആശങ്കയും ഉയര്‍ന്നിരുന്നു.
സെപ്തംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും നിര്‍ജ്ജലീകരണവുമാണ് അസുഖമെന്നായിരുന്നു അന്ന് പറഞ്ഞത്. എന്നാല്‍ പിന്നീട് ശ്വാസകോശ അണുബാധയുണ്ടായെന്നും ശ്വസന സഹായി ഉപയോഗിക്കുകയാണെന്നും വിശദീകരണം വന്നു.
ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു, ബിജെപി പ്രസിഡന്റ് അമിത്ഷാ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എം കെ സ്റ്റാലിന് തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ആശുപത്രി സന്ദര്‍ശിച്ചിരുന്നെങ്കിലും ആരും ജയലളിതയെ നേരിട്ട് കണ്ടിരുന്നില്ല.
ജയലളിതയുടെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടെന്നും അവര്‍ മറ്റുള്ളവരുമായി പ്രതികരിക്കാന്‍ തുടങ്ങിയതായുമാണ് ഏറ്റവും ഒടുവില്‍ വന്ന മെഡിക്കല്‍ വാര്‍ത്താക്കുറിപ്പിലും പറയുന്നത്.


