Tamil Nadu Chief Secretary P Rama Mohana Rao, Son’s Office Searched

ചെന്നൈ: തമിഴ്‌നാട് ചീഫ് സെക്രട്ടറി പി. രാമമോഹന റാവുവിനെ സസ്‌പെന്‍ഡ് ചെയ്തു. അദ്ദേഹത്തിന്റെ വസതിയിലും തമിഴ്‌നാട് സെക്രട്ടേറിയറ്റിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ മകന്‍ വിവേകിന്റെ ഓഫീസിലും ഇന്ന് റെയ്ഡ് നടന്നിരുന്നു. അതിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

റാവുവിന്റെ ഓഫീസിലും വീട്ടിലുമായി ബുധനാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് ഇന്ന് രാവിലെ ആറിനാണ് അവസാനിച്ചത്.

റാവുവിന്റെ വസതിയില്‍ നിന്ന് കണക്കില്‍ പെടാതെ സൂക്ഷിച്ചിരുന്ന 30 ലക്ഷത്തിന്റെ പുതിയ കറന്‍സിയും അഞ്ച് കിലോ സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്.

തിരുവാണ്‍മിയൂരിലുള്ള മകന്‍ വിവേകിന്റെ വസതിയില്‍ നിന്ന് വരവില്‍ കവിഞ്ഞുള്ള അഞ്ച് കോടിയുടെ വരുമാനവും കണ്ടെത്തി. ഇതിന് പിന്നാലെയാണ് വിവേകിന്റെ ഓഫീസില്‍ ഇന്ന് വീണ്ടും റെയ്ഡ് നടന്നത്.

ആന്ധ്രയിലെ വിവാദ ഖനിവ്യവസായി ശേഖര്‍ റെഡ്ഡിയുമായി റാവുവിന് ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. റെയ്ഡ് അവസാനിച്ചതോടെ റാവുവിന്റെ വീടിന് മുന്നില്‍ വിന്യസിച്ചിരുന്ന അര്‍ദ്ധസൈനിക വിഭാഗത്തേയും പിന്‍വലിച്ചു.

ബംഗളൂരു, ആന്ധ്രയിലെ ചിറ്റൂര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ റാവുവിന്റെയും ബന്ധുക്കളുടെയും പേരിലുള്ള 13 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.

ജയലളിത അധികാരത്തില്‍ തിരിച്ചെത്തിയതിന് പിന്നാലെ ഇക്കഴിഞ്ഞ ജൂണിലാണ് 58കാരനായ രാമമോഹന റാവുവിനെ തമിഴ്‌നാട് ചീഫ് സെക്രട്ടറിയായി നിയമിച്ചത്.

Top