2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ‘ഗവര്‍ണറെ മാറ്റരുത്:പ്രധാനമന്ത്രിയോട് എം കെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരായ വിമര്‍ശനം കടുപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ അദ്ദേഹത്തെ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് നീക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും എം കെ സ്റ്റാലിന്‍ പരിഹാസ രൂപേണ ആവശ്യപ്പെട്ടു. ഗവര്‍ണര്‍ ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുത്തുകയാണെന്നും സ്റ്റാലിന്‍ പ്രതികരിച്ചു.

‘ബംഗ്ലാവുകളിലും (രാജ്ഭവന്‍) ഉയര്‍ന്ന പോസ്റ്റുകളിലും ഇരിക്കുന്ന ചിലര്‍ ദ്രാവിഡം എന്താണെന്ന് ചോദിക്കുന്നു. ദ്രാവിഡം എന്താണെന്ന് ആവര്‍ത്തിച്ച് ചോദിക്കുന്ന വ്യക്തി (ഗവര്‍ണര്‍ ആര്‍ എന്‍ രവി) തുടരട്ടെ. അത് ഞങ്ങളുടെ പ്രചാരണത്തിന് ശക്തിപകരും’- എം കെ സ്റ്റാലിന്‍ പറഞ്ഞു.

രാജ്ഭവന് നേരെ ബോംബേറുണ്ടായ സംഭവത്തില്‍ പൊലീസ് പരാതി രജിസ്റ്റര്‍ ചെയ്തില്ലെന്ന് രാജ്ഭവന്‍ ആരോപിച്ചതിന് പിന്നാലെയാണ് എം കെ സ്റ്റാലിന്‍ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി, അദ്ദേഹം എന്തെല്ലാം കള്ളങ്ങളാണ് പറയുന്നതെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു.

Top